Sunday, February 17, 2013

ഒരൂ വിശുദ്ധ യാത്രയുടെ ഓര്‍മ്മ...
എബി കുട്ടിയാനം

സ്വപ്നങ്ങള്‍ സഫലമായ വഴികളില്‍ ഞാന്‍ ധന്യനാണ്.. ഈ രാത്രിക്ക് നന്ദി...യാ, അള്ളാ, നിന്നെ സ്തുതിക്കുന്നു ആയിരംവട്ടം...
മനസ്സേ ഉള്‍ക്കൊള്ളുക, ഞാനിപ്പോഴുള്ളത് പുണ്യ ഹറമിന്റെ ചാരത്താണ്, മക്കയും മദീനയും കാണാതെ നീ എന്നെ മരിപ്പിക്കല്ല അള്ളാ എന്ന എന്റെ പ്രാര്‍ത്ഥന അവന്‍ കേട്ടിരിക്കുന്നു...എന്തില്ലെങ്കിലെന്ത് ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നില്‍ എന്റെ മനസ്സും ശരീരവും തൊട്ടിരിക്കുന്നു. അഞ്ചുനേരവും മനസ്സിലേക്കാവാഹിച്ച ആ പുണ്യഗേഹമിതാ എന്റെ കണ്‍മുന്നില്‍...വിശ്വസിക്കാനാവുന്നില്ലെനിക്ക്...തൊട്ടുമുത്താന്‍ കൊതിച്ച ഹജറുല്‍ അസ്‌വദും മഖാം ഇബ്രാഹിമും സഫ മര്‍വ്വകുന്നുകളും എന്റെ കയ്യെത്തും ദൂരത്താണിപ്പോള്‍...പറഞ്ഞറിയിക്കാനാവുന്നില്ല എനിക്കെന്റെ ആഹ്ലാദത്തെ...കുഞ്ഞുന്നാള്‍ തൊട്ട് കിനാവ് കണ്ടത് ഈ മണ്ണിലെത്താനായിരുന്നു, കയ്യുയര്‍ത്തിയപ്പോഴൊക്കെ അള്ളാഹുവിനോട് കേണതും അതിനുവേണ്ടി മാത്രം...പണ്ടുപണ്ടെപ്പഴോ മദ്രസയില്‍ ഓതിപഠിച്ച പാഠഭാഗങ്ങളില്‍ മക്കയും മദീനയും നിറയുമ്പോള്‍ കാണണമെന്ന് മോഹിച്ച ഇടമായിരുന്നു അത്...പിന്നെപ്പഴോ അത് ഒരു വികാരവും അഭിനിവേശവുമായി മാറി...മക്ക കണ്ട് മടങ്ങിവരുന്ന ഓരോരുത്തനേയും ഇത്തിരി അസൂയയോടെ നോക്കി നിന്നു...ഓരോ വര്‍ഷവും ദശലക്ഷങ്ങള്‍ ആ മഹാഭാഗ്യത്തിന്റെ അവകാശികളായി മാറുമ്പോള്‍ ഞാന്‍ മാത്രം നഷ്ടസ്വപ്നത്തിന്റെ കൂട്ടുകാരനാവുകയാണല്ലോ എന്ന് സങ്കടപ്പെട്ടു. യമനിയും നീഗ്രോയും സൊമാലിയയിലെ ദരിദ്രനുമെല്ലാം ആത്മീയതയുടെ സുഖമറിയുമ്പോള്‍ അള്ളാ, എന്നെ മാത്രം ബാക്കിയാക്കരുതെന്ന് എത്രയോ വട്ടം കേണുകരഞ്ഞിട്ടുണ്ട് ഞാന്‍....
ഓരോ പ്രതിസന്ധിയിലും കൊച്ചുകുട്ടിയെ പോലെ കരഞ്ഞ് സങ്കടം പറയുമ്പോള്‍ ഉത്തരം തന്ന് അനുഗ്രഹം ചൊരിഞ്ഞ നാഥന്‍ എന്റെ പ്രാര്‍ത്ഥന കേട്ടു....ഒടുവില്‍ ഞാനും ലോകത്തില ഏറ്റവും പവിത്രമായ മണ്ണിലെത്തിയിരിക്കുന്നു...
    000              000                 000
ഇത് ഒരു വിശുദ്ധ യാത്രയുടെ ഓര്‍മ്മയാണ്...മക്കയും മദീനയും കണ്ടതിന്റെ ഓര്‍മ്മ....വിശുദ്ധഭൂമിയിലെത്തുന്ന ആദ്യ മനുഷ്യനൊന്നുമല്ല ഞാന്‍...ഓരോ വര്‍ഷവും എത്രയോ ദശലക്ഷങ്ങള്‍ തിരുഗേഹങ്ങളിലെത്തുന്നുണ്ട്, പിന്നെ നീയെന്തിനിങ്ങനെ വാചാലനാകുന്നുവെന്ന ചോദ്യത്തിനുമുന്നില്‍ എനിക്കുത്തരമില്ല...എങ്കിലും പറയട്ടെ, ഓരോ മനുഷ്യനും ഇത് വാക്കുകളിലൊതുങ്ങാത്ത അനുഭൂതിയായിരിക്കും, അതിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനെക്കുറിച്ച് പറയാനാണ്...
ഡിസംബറിലെ ഒരു തണുത്ത പ്രഭാതം, മഞ്ഞുതുള്ളികള്‍ മരുഭൂമിയില്‍ കവിത എഴുതുന്നു, ഗള്‍ഫില്‍ എത്തിയ നാള്‍ മുതല്‍ സ്‌നേഹം കൊണ്ട് മൂടി ആതിഥ്യമൊരുക്കിയ കെ.എം.സി.സി നേതാവ് ഹമീദ് തോട്ടയുടെ വീട്ടില്‍ നിന്ന് അതിരാവിലെ എഴുന്നേറ്റ് കുളിയും നിസ്‌ക്കാരവും കഴിഞ്ഞ് ഒരു യാത്രക്കൊരുങ്ങുകയാണ്...പുലരിയുടെ അനുഭൂതിയോടൊപ്പം ക്യാമ്പുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കാനായി എത്രയോ യാത്രകള്‍ ചെയ്തിട്ടുണ്ട് അന്നും പതിവിലുമെത്രയോ നേരത്തേ എഴുന്നേറ്റ് ആവേശത്തോടെ ഒരുങ്ങിയിട്ടുണ്ട്.പക്ഷെ ഇന്ന് ഞാനനുഭവിക്കുന്ന ത്രില്ല് പറഞ്ഞറിയിക്കാനാവുന്നില്ല. ഇത്രമാത്രം ആഹ്ലാദത്തോടെ ഒരു യാത്രയും ഞാന്‍ ചെയ്തിട്ടില്ല, എത്രയോ ഉംറകള്‍ ചെയ്ത എ.കെ.എം.അഷറഫും യൂസഫ് ഉളുവാറും എന്നോടൊപ്പമുണ്ട്, അവരും വാക്കുകള്‍ക്കുമപ്പുറത്തെ മൂഡിലാണ്.
കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ നിമിഷം മുതല്‍കൂട്ടിനുള്ള ഫേസ്ബുക്കിലെ കൂട്ടുകാരന്‍ ഫത്താഹും അവന്റെ എലാന്‍ട്ര കാറും എപ്പഴേ റെഡിയായിരിക്കുന്നു.
ആദ്യം മദീനയിലേക്കാണ്, റോഡുമാര്‍ഗ്ഗം റിയാദില്‍ നിന്ന് പത്തുമണിക്കൂറിലേറെ യാത്രയുണ്ട്...റിയാദിന്റെ നഗരപൊലിമയില്‍ നിന്ന് മരുഭൂമിമാത്രമുള്ള ദിക്കിലൂടെ വണ്ടി ചീറിപായുകയാണ്..അല്‍ മദീന 900 കി.മി, അല്‍ മദീന 400 കി.മി, അല്‍ മദീന 2.50 കി.മി, എന്നിങ്ങനെ ബോര്‍ഡുകള്‍ ദൂരങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു....ഓരോ കിലോമീറ്ററുകള്‍ പിന്നിടുമ്പോഴും ഞാന്‍ എന്റെ പ്രവാചകന്റെ സന്നിധിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവന്നു...സുന്ദരമായ റോഡുകളിലൂടെ ഏതൊക്കെയോ നാടുകളിലേക്ക് ചരക്കുകളുമായി പോകുന്ന ലോറികളും കിലോമീറ്ററുകള്‍ വിട്ട്സ്ഥാപിച്ചിരിക്കുന്ന പെട്രോള്‍ പമ്പുകളുമല്ലാതെ മറ്റൊന്നുമില്ലാത്ത മരുഭൂമിയാണിത്. അങ്ങിങ്ങായി നടന്നു സമയം കളയുന്ന ഒട്ടകങ്ങള്‍, മരുഭൂമിയില്‍ ഒരിലയുടെ തണലുപോലുമില്ലാത്തദിക്കില്‍ ഒട്ടകങ്ങളെ പരിചരിക്കുന്ന മനുഷ്യനെ കണ്ടപ്പോള്‍ ബെന്യാമന്റെ ആടുജീവിതമാണ് മനസിലെത്തിയത്.
ഓരോ പെട്രോള്‍ പമ്പുകളിലും നിസ്‌ക്കാര പള്ളികളുണ്ട്, വെള്ളത്തിനാണ് തീവില, പെട്രോളിന് പുല്ലുവിലയാണ്, ഫുള്‍ ടാങ്കല്ലാതെ ഇവിടെ ആരും അടിക്കാറില്ല, എല്ലാ പമ്പുകളിലും കോഫി ഷോപ്പുകളുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന ഫത്താഹിന് ഇവരെല്ലാം പരിചയക്കാരാണ്. അതിന്റെ ബലത്തില്‍ ഓരോ ദിക്കില്‍ നിന്നും പ്രത്യേക രുചി തരുന്ന മോക്ക നുണഞ്ഞുകൊണ്ടാണ് യാത്ര...
മരുഭൂമിയിലെ മനോഹാരിതയും ഒട്ടകങ്ങളേയും ചരക്കുലോറികളേയുമൊക്കെ കാണുമ്പോള്‍ ഓര്‍മ്മകള്‍ ബാല്ല്യത്തിലേക്ക് മടങ്ങിപോയി. പണ്ട് മദ്രസയിലെ ചെറിയ ക്ലാസില്‍ താരിഖിന്റെ പേജുകളില്‍ നിറഞ്ഞുനിന്ന അറേബ്യന്‍ കഥകളില്‍ ഇതൊക്കെ ഉണ്ടായിരുന്നു. പ്രവാചകനും  അനുയായികളും ഈ മണ്‍തരിയെ തൊട്ടിറ്റുണ്ടാകുമോ എന്ന് മനസ്സ് ചോദിച്ചുകൊണ്ടേയിരുന്നു...സഹാബാക്കളും ഖദീജബീവിയുമെല്ലാം കച്ചവടത്തിനുപോയ കഥകളില്‍ ഈ മരുഭൂമിയും ഉണ്ടായിരുന്നില്ലെ...
ഒടുവില്‍ അന്നിന്റെ രാത്രി പത്തുമണിയോടെ ഞാന്‍ മദീനനഗരിയെ തൊട്ടു. റൗളക്കരികിലെ ലോഡ്ജില്‍ മുറിയെടുത്ത് കുളിച്ചൊരുങ്ങുമ്പോള്‍ മനസ്സ് ഒരു അല്‍ഭുത ലോകത്തായിരുന്നു. മദീന മുനവ്വറിയിലെത്തുമ്പോള്‍ പാതിരാമായിരുന്നു.  മദീനയിലേക്കെത്തിക്കാതെ നീ എന്നെ മരിപ്പിക്കല്ലെ അള്ള എന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്ന അതേ പാതിരാനേരം. അവസാനം പവിത്രമായ അതേ സമയത്ത് വിശുദ്ധമായ തിരുസന്നിധിയിലെത്തുന്നു...അള്ളാഹുവിന് സ്തുതി....
ആറാം നമ്പര്‍ഗേറ്റിലൂടെ മദീന മുനവ്വറിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഹൃദയം കോരിതരിച്ചുപോയി. ആയിരങ്ങള്‍ അരികിലുണ്ടെങ്കിലും ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണെന്നൊരു തോന്നല്‍...
പച്ചകുമ്പ കണ്ണില്‍പതിഞ്ഞപ്പോള്‍ കണ്ണും മനസ്സും ജീവിതത്തില്‍ മറ്റൊരിക്കലും അനുഭവിക്കാത്തൊരു നധ്യത അനുഭവിച്ചു....അള്ളാഹുവിന്റെ വഹിയുമായി ജിബ്‌രീല്‍ വന്നബാബു ജിബ്‌രീല്‍ എന്ന വാതിലിലൂടെ എന്റെ റസൂലിന്റെ അരികിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. ആ ചാരത്തെത്താന്‍, ഒന്നു സലാം ചൊല്ലാന്‍ എത്രകാലമായി ഞാന്‍ കൊതിക്കുകയായിരുന്നു...റസൂലിന്റെ റൗളക്കും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടമാണ്...അവിടെ നിസ്‌ക്കരിക്കലും പ്രാര്‍ത്ഥന നടത്തലും ഏറെ പുണ്യമാണ്, അതിനുവേണ്ടി ആളുകള്‍ തിരക്കുകൂട്ടുന്നു...തിരക്കുകാരണം അവിടെയെത്താന്‍ ഏറെ പ്രയാസമായിരിക്കുമെന്നാണ് കേട്ടറിഞ്ഞത്...എന്നാല്‍ അന്ന് തിരക്ക് കുറവാണ്(സൗദിയിലേക്ക് വിസ കിട്ടാന്‍ പ്രയാസമുള്ള സമയമാണത്രെ ഇത്)ഭാഗ്യമെന്നല്ലാതെ പിന്നെന്തുപറയാന്‍, എല്ലാവരും കൊതിക്കുന്ന ദിക്കില്‍  ഏറെ നേരം പ്രാര്‍ത്ഥിക്കാന്‍ അവസരം കൈവരുന്നു...എന്റെ പ്രവാചകന്‍ ഖുത്തുബ നിര്‍വ്വഹിച്ച മിമ്പര്‍ ഇതാ, കണ്‍മുന്നില്‍ നില്‍ക്കുന്നു...ജിബ്‌രീല്‍ മാലാഖ മൂന്ന് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ എന്റെ പ്രവാചകന്‍ ആമീന്‍ പറഞ്ഞത് ഇവിടെ വെച്ചല്ലെ...
സലാമും സ്വലാത്തും ചൊല്ലി റൗളയുടെ ചാരത്ത് എത്ര നേരമാണെന്നോ ഞാന്‍ നിന്നത്....ഞാന്‍ മാത്രം നിന്നാല്‍ പോരല്ലോ എന്ന് മനസ്സ് പറയുമ്പോഴും അവിടെ തന്നെ നിന്നു പോകുന്നു...എന്തോ റസൂലിന്റെ സ്‌നേഹത്തിനുമുന്നില്‍ സ്വാര്‍ത്ഥനായി പോവുകയായിരുന്നു ഞാന്‍...മറ്റൊന്നും ഓര്‍ക്കാന്‍ കഴിയാതിരിക്കുമ്പോഴും പ്രവാചകന്റെ റൗളയില്‍ സെക്യൂരിറ്റിയുടെ ചുമതലയുള്ള ചെറുപ്പക്കാരായ പോലീസുകാരോട് എനിക്ക് അസൂയ തോന്നിപ്പോയി.എന്റെ പ്രായം മാത്രമുള്ള അവര്‍ എത്ര ഭാഗ്യവാന്മാരാണ്. ആ പുണ്യദിക്കിലങ്ങനെ നില്‍ക്കാന്‍ കഴിയുക എന്നത് എന്തൊരു സുകൃതമാണ്...റസൂലിന്റെ തൊട്ടരികില്‍ സിദ്ധീഖുല്‍ അക്ബറും ഉമര്‍ ഖത്താബുമുണ്ട്...സിദ്ധീഖ്(റ)വിനോട് സലാം ചൊല്ലി ഉമര്‍(റ)വിന്റെ അടുത്തെത്തുമ്പോള്‍ എന്തോ മനസ്സ് വിറക്കുന്നു. ധീരകഥകളിലെ  ആ നായകന്‍ ഇന്നും പൗരഷത്തിന്റെ പ്രതീകമാണ്...ഉസ്മാന്‍(റ)വിന്റെയും മറ്റു സഹാബാക്കളുടെയും സലാം ചൊല്ലി, പിന്നെ മടക്ക യാത്രയാണ്...മടക്കയാത്രയില്‍ പോരാട്ടവീര്യം നിറഞ്ഞനില്‍ക്കുന്ന ഉഹ്ദ് മലയും ധീരരക്തസാക്ഷി ഹംസത്ത്(റ) ഖബറിടവും കണ്ടു.
ഹൃദയം പറിച്ചെടുക്കുന്ന വേദനയുണ്ട് ഈ വിടവാങ്ങലിന്. വിലമതിക്കാനാവാത്ത നേട്ടവുമായാണ് മടങ്ങുന്നതെങ്കിലും ഈ വിരഹം സഹിക്കാനാവുന്നില്ല....കൊച്ചുകുട്ടിയെപോലെ പിന്നെയും പിന്നെയും റൗളയിലേക്ക് പാഞ്ഞുപോവുകയാണറിയാതെ....
അള്ളാഹുവേ നിനക്ക് നന്ദി...കാണാന്‍ കൊതിച്ചതിനെ കാണിച്ചതിനും എന്റെ ഖല്‍ബ് നിറച്ചതിനും...
  000              000            000
ഭൂമിയിലെ മഹാസൗഭാഗ്യം മനസ്സിലാവാഹിച്ചുകൊണ്ട് നിന്ന്  യാത്രയാകുന്നത് മക്കയുടെ പരിശുദ്ധിയിലേക്കാണ്...ഉച്ചയോടെ പുറപ്പെട്ട യാത്ര നാലുമണിയോടെ മക്കയില്‍ നിന്ന് 420 കി.മി ഇപ്പുറത്തുള്ള ദു ഹുലൈഫയിലെ അബ്‌യാര്‍ പള്ളി മിഖാത്തിലെത്തുന്നു, അവിടെ നിന്നാണ് ഇഹ്‌റാം വസ്ത്രമണിഞ്ഞത്...ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഹജ്ജ് ചെയ്തിട്ടുള്ള എന്റെ പ്രവാചകനും ഇവിടെ വെച്ചാണത്രെ ഇഹ്‌റാം കെട്ടിയിട്ടുള്ളത്. ്  അരകയറുപോലും മാറ്റിവെച്ച് രണ്ട് വെള്ളവസ്ത്രണിഞ്ഞ് ലബ്ബയ്ക്ക് ചൊല്ലുമ്പോള്‍ കരച്ചില്‍വന്നുപോയി.(പണ്ടെപ്പഴോ ഉമ്മ സ്‌നേഹത്തോടെ കെട്ടിതന്ന അരകയറാണ് അഴിച്ചുമാറ്റുന്നത്, പക്ഷെ അപ്പോഴും ആഹ്ലാദം മാത്രമാണ് മനസ്സിന്) ലോകത്തിലെ ഭാഗ്യവാന്മാരെല്ലാം അണിഞ്ഞ അതേ വേഷം ഞാനുണിയുകയാണ്...രാത്രി ഒമ്പത്  മണിയോടെ മക്കയിലെത്തുന്നു...പിന്നെ ഈ ലോകമോ ലോകത്തിന്റെ നൂറുനൂറു കാര്യങ്ങളോ ഒന്നും മനസ്സിലില്ല....അള്ളാഹുവും ആഖിറവും മാത്രം ഉള്ളില്‍ നിറയുന്നു...
അള്ളാഹുവിന്റെ തിരുഭവനത്തിലാണ് ഞാനിപ്പോഴുള്ളത്, പശ്ചതപിച്ചുമടങ്ങുന്നവനെയും പിന്നെയും പിന്നെയും ചോദിക്കുന്നവനേയുമാണെനിക്കിഷ്ടമെന്നു പറഞ്ഞ നാഥനോട് അവന്‍ ഏറ്റവും പവിത്രത കല്‍പ്പിച്ച ദിക്കില്‍ നിന്ന് ഞാന്‍ കേഴുകയാണ്, എത്രയോ നേരം കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചിട്ടും മടുപ്പുവരാതെ, സുജൂദിലങ്ങനെ കിടന്നിട്ടും മതിവരാതെ...യാ, അള്ളാ എന്തൊരു സൗഭാഗ്യമാണിത്...യാത്രയിലുടനീളം കഅബയുടെ പെരുമയെക്കുറിച്ച് പറഞ്ഞുതന്ന കൂട്ടുകാരന്‍ എ.കെ.എം.അഷറഫിന്റെ വര്‍ണ്ണനകള്‍ക്കും വിവരണങ്ങള്‍ക്കും എത്രയോ അപ്പുറമാണിത്...വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും     ഒന്നുമല്ല...മക്കയും മദീനയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തീരാ നഷ്ടമാണ്...
ഹറം കണ്ണില്‍ പതിഞ്ഞ നിമിഷമുണ്ടല്ലോ....അന്നേരം മനസ്സനുഭവിച്ച വികാരത്തെ വിവരിക്കാനേ കഴിയുന്നില്ല...കറുത്തവരും വെളുത്തവരുമായ മനുഷ്യര്‍ക്കൊപ്പം ഞാനും അതില്‍ അലിഞ്ഞുചേരുന്നു...തവാഫിനായി ഏഴു വട്ടം കഅബയെ വട്ടമിടുമ്പോള്‍ പുതിയ മനുഷ്യനായി മാറുകയാണ്...ചുറ്റിലും ഒരുപാട്‌പേരുണ്ട് അതൊരുപക്ഷേ ഇറാന്‍ പ്രസിഡണ്ട് അഹമ്മദ് നജാദോ ഈജിപ്തിന്റെ അധീപന്‍ മുഹമ്മദ് മുര്‍ഷിദോ സാക്ഷാല്‍ ഷഹീദ് അഫ്രീദിയോ എ.ആര്‍.റഹ്മാനോ ആവാം....പക്ഷെ ഇവിടെ ആരും ആരെയും ശ്രദ്ധിക്കുന്നില്ല, എല്ലാവരും തുല്യരാണ്...ആര്‍ക്കും ഇഹലോകത്തിന്റെ സുഖമോ അതിന്റെ വര്‍ത്തമാനമോ ഇല്ല...അള്ളാഹു എന്ന ലക്ഷ്യം മാത്രാണ് മനസ്സില്‍...ഹാജറാബീവി കുഞ്ഞുമോന്‍ ഇസ്മയിലിന്റെ ദാഹമകറ്റാന്‍ ഓടിതളര്‍ന്ന സഫ മര്‍വ്വ കുന്നുകള്‍, അള്ളാ, ഒടുവില്‍ ഞാനും ആ കുന്നു കയറുകയാണ്...സഫയെയും മര്‍വ്വയേയും മാറി മാറി തൊട്ടു ഞാന്‍...സ്വലാത്ത് കൊണ്ട്, അള്ളാഹുവിന്റെ നാമംകൊണ്ട് അഭിവാദ്യം ചെയ്തു. സംസം ഇന്നും വിസ്മയിപ്പിക്കുകയാണ്...ജീവിതത്തില്‍ ഓരോ അസ്വസ്ഥതകള്‍ വരുമ്പോഴും ആശ്വാസമായിരുന്ന സംസം...പനിവരുമ്പോള്‍, നേരിയൊരു ക്ഷീണമുണ്ടാകുമ്പോള്‍ ശരീരത്തിലാകെ തലോടി മോനെ  ഇത് കുടിക്കട എന്ന് പറഞ്ഞ് ഉമ്മ തരാറുള്ള സംസം...ഹജ്ജിന് പോയി മടങ്ങുന്നവരോടൊക്കെ കൈനീട്ടി വാങ്ങിയ സംസം ആ ദിവ്യ ഔഷധത്തിന്റെ അരുവികള്‍ക്കരികിലാണ് ഞാന്‍...
എന്ത് ഉദ്ദേശത്തിലാണോ സംസം കുടിക്കുന്നത് അതിനുള്ള ഔഷധമാണത് എന്ന സത്യമുള്‍ക്കൊണ്ട് ഓരോരുത്തനും കോരികോരി കുടിക്കുന്നു...ഏറ്റവുമധികം ഈമാനുള്ളവന് ഏറ്റവുമധികം സംസം കുടിക്കാന്‍ പറ്റുമത്രെ...

   ,,,,,,,,,,,,,
ഹജറുല്‍ അസ്‌വദിനെ തൊട്ടുമുത്തി, കഅബാലയത്തിന്റെ വാതില്‍ക്കല്‍ മുഖമമര്‍ത്തി അങ്ങനെ നിന്നനേരം...ചോദിക്കാന്‍ പറഞ്ഞനാഥനോട് എല്ലാം ചോദിക്കാന്‍ ശ്രമിക്കുമ്പോഴും ഈ ലോകത്തെ മറന്നുപോകുന്നു, ചോദ്യങ്ങളത്രയും പരലോക ജീവിതത്തെക്കുറിച്ച് മാത്രമാകുന്നു...അത് തന്നെയാണ് മക്കയുടെ വിസ്മയം....അവിടെയെത്തിയാല്‍ മറ്റെല്ലാം മറന്നുപോവുകയാണ്...നാടും വീടും ജീവിതസുഖവുമൊന്നും ഒരു വിഷയമേയല്ല...
അപ്പോഴും ദുഅ കൊണ്ട് വസീയത്ത് ചെയ്തവരും ഉമ്മയും ഉപ്പയുമെല്ലാം പ്രാര്‍ത്ഥനയില്‍ നിറയന്നു...ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്‌നേഹവും കരുത്തുമായി നിന്നവര്‍ക്ക് ഉള്ളുരുകിയ പ്രാര്‍ത്ഥനയല്ലാതെ മറ്റെന്താണ് പകരം നല്‍കാനുള്ളത്...അതുകൊണ്ട് തന്നെ അവര്‍ക്കുവേണ്ടി ഒത്തിരിനേരം പ്രാര്‍ത്ഥിച്ചു...
എല്ലാം കഴിഞ്ഞ് വിടവാങ്ങലിന്റെ തവാഫ് ചെയ്യുമ്പോള്‍ മനസ്സിന് സങ്കടമാണ്...എല്ലാം തീര്‍ന്നുപോയല്ലോ എന്നൊരു ദു:ഖം .....അപ്പോഴും മനസ്സിലെ ഓരോ രോമവും കോരിരിപ്പോടെ എഴുന്നേറ്റ് നിന്ന് അഭിമാനത്തോടെ പറയുന്നു...എന്തില്ലെങ്കിലെന്ത്...മക്കയും മദീനയും കണ്ടല്ലോ...മതി ഈ ജന്മം സഫലമാവാന്‍ അതു മതി...
   000            000         000
ഇനി എന്റെ മനസ്സിന് അഭിമാനത്തോടെ പറയാം...ഇത് മക്കയും മദീനയും കണ്ട കണ്ണാണ്, ഇത് ഹജറുല്‍ അസ്‌വദിനെ ഉമ്മ വെച്ച ചുണ്ടാണ്...ഇത് ഹറമിന്റെ ചാരത്തിരുന്ന് മതിവരുവോളം സംസം കുടിച്ച വയറാണ്, തെറ്റിലേക്ക് നടന്നിട്ടുണ്ടാവാം പക്ഷെ, എന്റെ ഈ കാലുകള്‍ സഫ മര്‍വ്വ കുന്നുകള്‍ക്കിടയിലൂടെ സാഫല്ല്യത്തിന്റെ ഓട്ടമോടിയ കാലാണ്...റസൂലിന്റെ മിമ്പറിനും പുണ്യറൗളക്കുമരികില്‍ സ്വര്‍ഗ്ഗത്തിന്റെ മണമുള്ള ദിക്കിലിരുന്ന് ഞാന്‍ നിസ്‌ക്കരിച്ചിട്ടുണ്ട്, ഇത്തിരിനിമിഷമല്ല ഒത്തിരി നേരം ഞാനവിടെയിരുന്ന് പ്രാര്‍ത്ഥിച്ചിചട്ടുണ്ട്, അസലാമു അലൈക്കും യാ റസൂലള്ള എന്ന് പിന്നെയും പിന്നെയും സലാം ചൊല്ലിയിട്ടുണ്ട് ഞാന്‍...
പറഞ്ഞുമുഴുപ്പിക്കാനാവാതെ, എഴുതിപൊലിപ്പിക്കാനാവാതെ ഞാന്‍ പിന്മാറുന്നു, സത്യം പറഞ്ഞറിയിക്കാനുള്ളതല്ല, ഇത് സ്വയം അനുഭവിച്ച് തീര്‍ക്കാനുള്ളതാണ്... ആ പ്രാര്‍ത്ഥന ഇപ്പോഴും ബാക്കിയുണ്ട് അള്ളാ, ഇത് മക്കയിലേക്കും മദീനയിലേക്കുമുള്ള എന്റെ അവസാന യാത്രയാക്കല്ല അള്ള...

Saturday, October 29, 2011

ആളുകള്‍ ഫേസ് ബുക്ക് മറിക്കുന്ന തിരക്കിലാണിപ്പോള്‍...


വിട...ജീവിതത്തില്‍കേള്‍ക്കേണ്ടിവരുന്ന ഏറ്റവും സങ്കടകരമായ വാക്ക് അതായിരിക്കും. സ്‌നേഹം മാത്രം സമ്മാനിച്ച് സദാകൂട്ടിരുന്നൊരാള്‍ അകലേക്ക് മാഞ്ഞുപോകുമ്പോള്‍ ഹൃദയം അനുഭവിക്കുന്ന വികാരത്തെ പറഞ്ഞറിയിക്കാനാവില്ല. ഇനിയെന്നുകാണുമെന്ന് മനസ്സ് ഒരു നൂറു വട്ടം സ്വയം ചോദിക്കുമ്പോള്‍ അരികിലിരുന്ന് കണ്ണീര് കഥപറയുന്നുണ്ടാകുമപ്പോള്‍.
കോളജ് ലൈഫ് തീരുന്ന ആ ദിനമുണ്ടല്ലോ, ക്ലോസിംഗ് സെറമണിയും സെന്റ് ഓഫും നടക്കുന്ന അന്ന് മനസിനും ശരീരത്തിനും ഭ്രാന്തായിരിക്കും. ദു:ഖവും കണ്ണീരും നിറഞ്ഞ വല്ലാത്തൊരുഭ്രാന്ത്. ഇനിയൊരിക്കലും കാണുവാനോ മിണ്ടുവാനോ കഴിയില്ല, എവിടെ ആയാലും എന്നെ ഓര്‍ക്കണമെന്ന് പറഞ്ഞ് കൂട്ടുകാരനെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞ നിമിഷങ്ങള്‍ എന്റെയും നിന്റെയും ജീവിതത്തിന് ഇപ്പോഴും ആര്‍ദ്രത പകരുന്നുണ്ടാകും.
പിരിഞ്ഞകന്നാല്‍ ഇനി കാണില്ല എന്നത് ഇന്നലെവരെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി, കഥമാറി, ആരും ആരെയും വിട്ടുപോവാത്ത സ്ഥിതിയിലേക്കെത്തിലോകം. സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സ്‌നേഹത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കുമ്പോള്‍ നഷ്ടമായ ബന്ധങ്ങള്‍പോലും വീണ്ടും കൂടിചേരുകയാണ്.
ഓര്‍ക്കൂട്ടും ഫേസ്ബുക്കും ഗൂഗിള്‍പ്ലസുമടക്കമുള്ള സൈറ്റുകള്‍ പുതുതലമുറയുടെ ജീവിതത്തില്‍ തന്നെ പുതിയചലനങ്ങള്‍ സൃഷ്ടിക്കുന്നു. മങ്ങിപ്പോയ ഓര്‍ക്കൂട്ടിനും വരവറിയിക്കുന്ന ഗൂഗിള്‍പ്ലസിനുമിടയില്‍ ഫേസ് ബുക്ക് അരങ്ങ് വാഴുകയാണിപ്പോള്‍.

    000              000            000          000
ഓര്‍ക്കൂട്ടിന്റെ വരവോടെ ഈ രംഗത്ത് പുതിയൊരു ട്രെന്റാണ് രൂപപ്പെട്ടത്. മൊബൈലിലെ മിസ് കോള്‍ ഓര്‍മ്മപ്പെടുത്തലിനും എസ്.എം.എസ് കഥപറച്ചിലിനുമപ്പുറം നമ്മുടെ പുതിയ പുതിയ രൂപങ്ങളും ഭാവങ്ങളും കൂട്ടുകാരനുമുന്നില്‍ പച്ചയായി അവതരിപ്പിക്കാമെന്ന സ്ഥിതിവന്നപ്പോള്‍ ഓരോരുത്തരും ഓര്‍ക്കൂട്ടിനുള്ളിലായി. അങ്ങനെ നമ്മുടെ യുവത്വം കുറേ നാള്‍ ഓര്‍ക്കൂട്ടിനുള്ളില്‍ ഊണുകഴിച്ചുറങ്ങി, കളിച്ചുകറങ്ങിനടന്നു. അതിനിടയിലാണ് മാര്‍ക്ക് സക്കന്‍ബര്‍ഗ്ഗ് എന്നയാള്‍ ഫേസ് ബുക്കെന്ന പുതിയ പതിപ്പുമായി അവതരിക്കുന്നത്. രൂപത്തിലും ഘടനയിലും ലേ ഔട്ടിലും മറ്റവനേക്കാള്‍ മികച്ചുനിന്ന ഫേസ് ബുക്ക് അതിവേഗം ജനഹൃദയം കീഴടക്കി. ഇപ്പോള്‍ ഉപഭോക്താക്കളുടെ അംഗബലം 60കോടി കവിഞ്ഞുവെന്നാണ് കണക്ക്. കേരളത്തിലെ ഉപഭോക്താക്കളുടെ എണ്ണവും കോടിയിലേക്ക് അടുക്കുന്നു. 2009ല്‍ 15 ലക്ഷമായിരുന്ന ഫേസ് ബുക്ക് സഖ്യ പിറ്റേകൊല്ലം നാലിരട്ടിയായി. മൊബൈല്‍ഫോണില്‍ നെറ്റ് സംവിധാനം വ്യാപകമായതോടെ അംഗബലം കുതിച്ചുയരുകയായിരുന്നു. ഐടി വിഭാഗക്കാര്‍ മാത്രമല്ല ചെത്ത്‌തൊഴിലാളികളും കൂലിപ്പണിക്കാരുമെല്ലാം ഫേസ് ബുക്കിനുള്ളിലാണിപ്പോള്‍. സദാ നാട്ടുവര്‍ത്തമാനത്തിനപ്പുറം അവരും ടാഗ് ചെയ്ത ഫോട്ടോയെക്കുറിച്ചും മാറിയ പ്രൊഫയിലിനെക്കുറിച്ചും  ചര്‍ച്ച ചെയ്യുന്നു.

   000                000            000
ഏതോ ഒരു യാത്രയില്‍വെച്ചാണ് റോഷനെ പരിചയപ്പെടുന്നത്. സുന്ദരമായ പെരുമാറ്റവും തിളങ്ങുന്ന വ്യക്തിത്വവും..അയാള്‍ ഹൃദയത്തിലേക്ക് വല്ലാതെ ആകര്‍ഷിക്കപ്പെട്ടു. പക്ഷെ, പറഞ്ഞിട്ടെന്ത്. പിരിയാന്‍ നേരം  നമ്പര്‍ വാങ്ങാന്‍ മാത്രം മറന്നു....ഇത്തിര ദു:ഖത്തോടെ ഇരിക്കുമ്പോഴാണ് ഓര്‍ത്തത് ഫേസില്‍ബുക്കില്‍ സേര്‍ച്ച് ചെയ്താലോ...ന്റമ്മോ, ദാ കിടക്കുന്നു ആ മുഖം വീണ്ടും കണ്‍മുന്നില്‍...അതെ, അതാണ് ഫേസ് ബുക്കിന്റെ അനുഗ്രഹം.  ഇങ്ങനെ മറന്നുപോയ എത്രയെത്ര കൂട്ടുകാരാണ് നിത്യവും സൗഹാര്‍ദ്ദവലയത്തിലേക്ക് മടങ്ങിവരുന്നതെന്നോ.

ആരാധനയോടെ നോക്കികണ്ടവര്‍, പരിചയപ്പെടാന്‍ കൊതിച്ചവര്‍...അങ്ങനെ അങ്ങനെ തൊടാന്‍പറ്റുന്നതിലും അപ്പുറമുള്ള ഒരുപാട് ആളുകളെ ഫ്രണ്ട്‌സ് റിക്വസ്റ്റ് നല്‍കി കൂട്ടുകാരനാക്കാന്‍ കാത്തിരിക്കുന്നു. അവരുടെ അക്‌സപ്റ്റ് കിട്ടുമ്പോള്‍ ഹൃദയം വല്ലാത്തൊരു സുഖമാണ് അനുഭവിക്കുന്നത്.

    000                  000               000
ന്യൂജനറേഷന് ഇന്ന് ഫേസ് ബുക്ക് ഒരു വികാരമാണ്. ദിവസത്തിന്റെ വലിയൊരുഭാഗവും ബുക്ക് തുറന്നുവെച്ച് സൊറപറയുന്നവരുടെ എണ്ണം കൂടികൂടി വരുന്നു.
ഫേസ് ബുക്കില്‍ അക്കൗണ്ടില്ല എന്നുപറയുന്നത് വലിയൊരു പോരായ്മയായി പുതുതലമുറ വിലയിരുത്തികഴിഞ്ഞു. അത്‌കൊണ്ട് തന്നെ നെറ്റിന്റെ ലോകത്ത് ലവലേശം വിവരമില്ലാത്തവന്‍പോലുമിപ്പോള്‍ ഫേസ് ബുക്കിനുള്ളിലെ തിരക്കുപിടിച്ച അംഗമാണ്.
മറ്റുള്ളവരുടെ മുന്നില്‍ സ്വയം വലിയ ആളാവാനുള്ള മാര്‍ഗ്ഗമാണ് ഈ എഫ്ബി(?) ആയിരിക്കാം. ഇന്ന് ഞാനണിഞ്ഞ കുപ്പായം ഇതാണെന്നും ഞാന്‍ കഴിച്ച ഫുഡ് ഇന്നതാണെന്നുമെല്ലാം ഓരോരുത്തരും നാട്ടുകാരോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. എത്ര ഡീസന്റായ വ്യക്തിയും ഫേസ്ബുക്കിലെത്തുമ്പോള്‍ കുട്ടിത്തവും കുസൃതിയും നിറഞ്ഞ ആളായിമാറുന്നു.  ആയിരംവേഷങ്ങളില്‍ പ്രത്യക്ഷപ്പെടും, ആയിരംഭാവങ്ങളില്‍ അഭിനയിച്ചാറാടും...ഇതെല്ലാം എന്റെ വീട്ടുകാരല്ലെ എന്ന തോന്നലാണപ്പോള്‍...
ലൈനിലുള്ളവര്‍ക്കുമൊത്തം ഹായ് പറഞ്ഞ് ചാറ്റ്കൂടാന്‍ വിളിക്കുന്നവരാണൊരുവിഭാഗം. ആരോടും കൂട്ടുകൂടാതെ ഒരു റിപ്ലയുമില്ലാതെ അവിടെയും മസിലുപിടിക്കും മറ്റൊരുകൂട്ടര്‍. സദാ നൗ ബിസി പറഞ്ഞ് ഇത്തിരി ഡീസന്റായി ഒഴിഞ്ഞുമാറുന്ന ജാഡകളുമുണ്ട്.
ഫേസ് ബുക്കിലെ ഭാഷയാണ് സഹിക്കാനാവാത്തത്. ഇംഗ്ലീഷായാലും മലയാളമായാലും പറഞ്ഞതെല്ലാം അവിടെ ഭാഷയാണ്. ന്റെമ്മോ ഭാഷപണ്ഡിന്മാര്‍പോലും  തോറ്റുപോകും.
    000                000              000
കൂട്ടുകാര്‍ക്കിടയിലെ കളിവര്‍ത്തമാനങ്ങളോട് വിടചൊല്ലി പിരിഞ്ഞുപോകുമ്പോള്‍ ദീര്‍ഘദൂര തീവണ്ടിയാത്രകളില്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ വല്ലാതെ കരഞ്ഞുപോകാറുണ്ടായിരുന്നു ഇന്നലെവരെ. എന്നാലിന്ന് കയ്യിലെ ലാപ്‌ടോപ് തുറന്ന് ലോഗ് ഇന്‍ ചെയ്യുമ്പോള്‍ അച്ചപ്പുവും സുമേശും രജ്ഞിത്തുമെല്ലാം വീണ്ടും അരികിലെത്തും. പുതുതായി അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് കമന്റടിച്ച് അവര്‍ വെള്ളംകുടിപ്പിക്കുമ്പോള്‍ നാട്ടിലെ കടവരാന്തയിലിരുന്ന് വര്‍ത്തമാനം പറയുന്ന അതേ പ്രതീതിയാണ്.
ഓരോ തവണ ബുക്ക് തുറക്കുമ്പോഴും ആകാംക്ഷയും ആവേശവുമാണ് മനസ്സിന്. പുതുതായി കൂട്ടുകൂടാന്‍വന്ന റിക്വസ്റ്റുകള്‍ ആരൊക്കെയെന്നാവും കണ്ണ് ആദ്യം പരതുക, പിന്നെ ഫോട്ടോയ്ക്കടിയില്‍ കൂട്ടുകാര്‍ എന്താണ് എഴുതിവെച്ചിട്ടുണ്ടാവുക എന്ന ജിജ്ഞാസയാവും, മെസേജുകള്‍ വായിച്ചെടുക്കുവാനും തിടുക്കമേറും...ബുക്കു തുറക്കുന്നനേരത്തൊക്കെ കാത്തുനില്‍ക്കുന്ന നിരവധിമുഖങ്ങളില്‍ വിലപ്പെട്ട ഒരാളെങ്കിലുമുണ്ടാകും.  അത് തന്നെയാണ് ഫേസ് ബുക്കിലെ ആഹ്ലാദവും അനുഗ്രഹവും.
ആരെന്തുപറഞ്ഞെതിര്‍ത്താലും ഫേസ് ബുക്കിനെ അങ്ങനെയങ്ങ് തള്ളിക്കളയാനാകുമോ(?) ഈ(ഇ) ബുക്ക് അടച്ചുവെച്ചാല്‍ എന്റെ ഫോട്ടോയ്ക്കും സൃഷ്ടിക്കള്‍ക്കും പിന്നില്‍ എന്നും സ്‌നേഹത്തിന്റെ അക്ഷരം കുറിച്ചിടുന്ന ഒരിക്കലും കാണാത്ത ഭഗതിനെ ഞാനെങ്ങനെ തൊട്ടറിയും...ഷെമീറിന്റെയും ഡാറ്റാസിന്റെയും ഫോട്ടോ നോക്കി ഞാനെങ്ങനെ കൊഞ്ഞനംകുത്തും...ഒരു ടൈംപാസിനാണെങ്കിലും ഓരോ ഫോട്ടോയ്ക്കും തല്‍ക്ഷണം കമന്റടിക്കുന്ന അന്‍ഷാദും ഉനൈസും വിനീതും സലാമും ജാബിറും റഹ്മാന്‍ അല്‍മാസും സിറാജുമെല്ലാം സ്‌നേഹത്തിന്റെ കാറ്റാവാറുണ്ട് പലപ്പോഴും...ചാറ്റിങ്ങില്‍ നിന്ന് ഒളിച്ചുനില്‍ക്കുമ്പോള്‍ കമന്റിലൂടെ പ്രതിഷേധമറിയിക്കുന്ന റോഷന്‍ ഫേസ് ബുക്ക് സമ്മാനിച്ച മികച്ചൊരു കൂട്ടുകാരനാണ്. റിക്വസ്റ്റുകളെ മൊത്തം കണ്‍ഫോം ചെയ്യരുതെന്ന് ഉള്ളിന്റെ ഉള്ളില്‍ നിന്ന് ആരൊക്കെയോ ഓര്‍മ്മിപ്പിക്കുമ്പോഴും ഒരിക്കലും കാണാത്ത മുഖങ്ങള്‍ക്കുമുന്നില്‍ ഞാനെങ്ങനെയാണ് ഒരു അഹങ്കാരിയായി മാറേണ്ടത്.

    0000              000                  000

ശിഷ്ടം: രാത്രി ഉമ്മയുടെ ചോദ്യം എടാ വായനയൊന്നും വേണ്ടേ, കമ്പ്യൂട്ടര്‍ മാത്രം മതിയോ(?)
മറുപടി: ആരു പറഞ്ഞു വേണ്ടെന്ന്, ഉമ്മ, ഞാന്‍ ഫേസ് ബുക്ക് വായിച്ചുകൊണ്ടിരിക്കുകയല്ലെ.

Tuesday, October 18, 2011

അടിച്ചുകൊല്ലാന്‍ എന്തെളുപ്പം.....


എബി കുട്ടിയാനം
കരുണ എന്ന ഗുണം ദൈവം നല്‍കുന്ന വലിയ അനുഗ്രങ്ങളിലൊന്നാണ്.  ഹൃദയത്തില്‍ കരുണ നിറയുമ്പോഴാണ് ഒരു മനുഷ്യന്റെ ഒരു മനുഷ്യന്റെ ജീവിതം മഹത്തരവും മനോഹരവുമാകുന്നത്. ഒരു കൈതാങ്ങാവാന്‍ സാധിച്ചില്ലെങ്കിലും സഹോദരന്റെ സങ്കടത്തിനുമുന്നിലേക്ക് വിങ്ങുന്ന മനസ്സോടെ നോക്കുവാനെങ്കിലും കഴിയണം, ഒരു ആശ്വാസവാക്ക് ഓതുവാനെങ്കിലുമാകണം. അതില്ലാതായാല്‍ പിന്നെ മനുഷ്യന്‍ മനുഷ്യനല്ല മറ്റേതോ ഭീകരജീവിയായിരിക്കും.
ഇത്തരത്തിലുള്ള ചിലജീവികള്‍ക്കുമുന്നിലാണ് പെരുവമ്പ് സ്വദേശി രഘുവെന്ന പാവം ചെറുപ്പക്കാരന് അടിയേറ്റു മരിക്കേണ്ടിവന്നത്. ബാങ്കില്‍ സ്വര്‍ണ്ണം പണയപ്പെടുത്തി പണവുമായി പോകുമ്പോള്‍ ബസ് സ്റ്റാന്റില്‍വെച്ച് ചിലര്‍ രഘുവിനെ അടിച്ചുകൊന്നു. പോക്കറ്റടിച്ച പണമെന്നാരോപിച്ചായിരുന്നുവത്രെ മര്‍ദ്ദനവും കൊലയും. സൗമ്യ എന്ന പെണ്‍കുട്ടിയെ കാമവെറിമൂത്ത ഗോവിന്ദചാമി എന്ന ഭ്രാന്തന്‍ തീവണ്ടിയില്‍ നിന്ന് വലിച്ച് താഴെയിട്ട് പിച്ചചീന്തുമ്പോള്‍ ഉയരാത്ത പൗരബോധമാണ് രഘുവിന്റെ നേര്‍ക്ക് ഉയര്‍ന്നത്. ഗുജറാത്തില്‍ ജോലി ചെയ്യുന്ന രഘു മറ്റൊരാളുടെ ഒരു രൂപ പോലും അന്യായമായി കൈകലാക്കാറില്ലെന്ന് ബന്ധുക്കള്‍ സങ്കടത്തോടെ പറയുന്നു. മാത്രവുമല്ല പാവങ്ങളുടെ ദു:ഖത്തിനുമുന്നില്‍ കരുണയോടെ പാഞ്ഞടുത്ത് സഹായിക്കുന്നതും രഘുവിന് ഏറെ ആവേശമുള്ള കാര്യമായിരുന്നുവത്രെ.
പാവം, എന്നിട്ടും അയാള്‍ക്ക് ഇത്തരത്തില്‍ മരിക്കേണ്ടിവന്നു. ഒരു വര്‍ഷം മുമ്പ് ബീഹാറില്‍ ഒരു ചെറുപ്പക്കാരനെ ഇതേ ആരോപണത്തിന്റെ പേരില്‍ ബൈക്കിനുപിന്നില്‍ കെട്ടിവലിച്ച് ക്രൂരമായി ശിക്ഷിച്ചിരുന്നു. സാംസ്‌ക്കാരികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഉത്തരേന്ത്യയില്‍ നടന്ന ആ സംഭവത്തെ സംസ്‌ക്കാര സമ്പന്നരായ നമ്മള്‍ ഏറെ വിമര്‍ശിച്ചു. എന്നാലിന്ന് നമ്മുടെ നാട്ടിലും അതേ രംഗം അരങ്ങേറുന്നു, നമ്മള്‍ തന്നെ പ്രതികളാകുന്നു. എന്തൊരു വിരോധാഭാസം.

രണ്ടു സംഭവങ്ങളിലും പ്രതിസ്ഥാനത്ത് പൊലീസായിരുന്നുവെന്നതാണ് ശ്രദ്ധേയം. രണ്ടിടത്തും ജനങ്ങള്‍ ഇതു കണ്ട് രസിക്കുകയും മൊബൈല്‍ കാമറയില്‍ പകര്‍ത്തി ആനന്ദനിര്‍വൃതി അടയുകയും ചെയ്തുവെന്നതാണ് മറ്റൊരുഘടകം. ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍നില്‍ക്കേണ്ട വരാണ് പൊലീസുകാര്‍ പക്ഷെ, എന്നിട്ടും അവര്‍ അന്തകരായിമാറുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. ഒരാളെ കുറ്റക്കാരനായി വിധിക്കേണ്ടത് കോടതിയാണ്. കുറ്റംതെളിയുന്നതുവരെ എല്ലാവരും  നിരപരാധിയാണ്. ഒരാളെ തെറ്റുകാരനായി ചിത്രീകരിക്കാന്‍ പൊലീസിന് അധികാരമില്ല. പക്ഷെ, എന്നിട്ടും ഇവിടെ സന്തോഷും സതീഷും ഞങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ് രഘുവിനെ പട്ടിയെ തല്ലുംപോലെ തല്ലുകയായിരുന്നു.
സന്തോഷിന്റെയും സതീശിന്റെയും ഒരു രൂപപോലും കാണാതായിട്ടില്ല, രഘുവിനെ കണ്ണുരുട്ടി പേടിക്കാന്‍ യാത്രക്കാരില്‍ ആരും ഇവരോട് ആവശ്യപ്പെട്ടിട്ടുമില്ല. പക്ഷെ, അവര്‍ അവിടെ തനി പൊലീസുകാരായി മാറി. രഘുവിന്റെ കയ്യില്‍ പണം കണ്ടതായിരുന്നു തെറ്റ്. ഒരാള്‍ കയ്യില്‍ പണം കരുതാന്‍ പാടില്ല എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. എന്നിട്ടും രഘുവിന് മാത്രം അത് ജീവനോളം വിലയുള്ള കുറ്റമായി മാറുകയായിരുന്നു.
കൂലിപണി കഴിഞ്ഞ് വയസ്സായ അമ്മക്ക് കോച്ചിപ്പിടിത്തത്തിനുള്ള കുഴമ്പുമായി വരികയായിരുന്ന ഉദയകുമാറെന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയി ഉരുട്ടികൊന്ന അതേ പൊലീസിന്റെ ഭാഗമാണല്ലോ സതീഷും സന്തോഷും. അല്ലെങ്കിലും അവരില്‍ നിന്ന് നാമെന്തിന് നന്മപ്രതീക്ഷിക്കണം.  സ്റ്റേഷനിലേക്ക് ചെല്ലുന്ന ഏതൊരാളെയും കുറ്റവാളിയെന്നപോലെ തുറിച്ചുനോക്കുന്ന സ്വഭാവമാണ് നമ്മുടെ പൊലീസിനുള്ളത്. ഈ മനോഭാവം മാറിയില്ലെങ്കില്‍ ഇവിടുത്തെ ഏതൊരു പൗരനും രഘുവിന്റെയും ഉദയകുമാറിന്റെയും പിന്‍ഗാമികളായി മാറേണ്ടിവരും.
പത്തുരൂപയുടെ മത്തിപോലും കൈകൂലിയായി വാങ്ങുന്ന പൊലീസുകാരുതൊട്ട് പൊതുഖജനാവിനെ കട്ടുമുടിക്കുന്ന മന്ത്രിമാര്‍വരെ  വരെ നമ്മുടെ നാട്ടിലുണ്ട്. വീടു കയറി വീട്ടുകാരെ കഴുത്തറുത്ത് കൊന്ന് മോഷണം നടത്തുന്ന കള്ളന്മാരുമുണ്ട്. അവര്‍ക്കുനേരെയൊന്നുമുയരാത്ത ആണത്തം എന്തുകൊണ്ട് രഘുവിനേയും ഉദയകുമാറിനെയും പോലുള്ളവര്‍ക്കുനേരെ മാത്രമുണ്ടാകുന്നു. മോഹന്‍ലാലിനെയും സച്ചിന്‍തെണ്ടുല്‍ക്കറേയും കുറ്റപ്പെടുത്തിനടക്കുന്ന സാംസ്‌ക്കാരിക നായകര്‍ക്കെന്തുകൊണ്ട് ഇതൊരു വിഷയമല്ലാതാകുന്നത്. പെണ്‍വാണിഭമെന്ന വിഷയത്തില്‍ മാത്രം കടിച്ചുതൂങ്ങി സമയം കളയുന്ന നേതാക്കളെന്തേ ഇതു മാത്രം കാണുന്നില്ല.
ക്രൂരതയെ നമ്മള്‍ മൃഗീയതയോടാണ് ഉപമിക്കാറുള്ളത്. എന്നാല്‍ മൃഗങ്ങള്‍ ഒന്നിനേയും അനാവശ്യമായി ഉപദ്രവിക്കാറില്ല എന്നതാണ് സത്യം. ദ്രോഹിക്കുമ്പോള്‍ മാത്രമേ ഒരു പാമ്പ് കടിക്കുന്നുള്ളു, സിംഹവും പുലിയുമെല്ലാം ക്ഷമയുടെ പര്യായങ്ങളാണ്. എന്നിട്ടും മനുഷ്യര്‍ മാത്രം മൃഗത്തേക്കാള്‍ മൃഗീയമാകുന്നു. ഇരുപതിലേറെ യുവതികളെ ലൈംഗീകമായ ആവശ്യത്തിന് ഉപയോഗിച്ച് കൊന്നുകളഞ്ഞവ്യക്തിയുടെ നാടാണ് നമ്മുടേത്, സ്വന്തം മക്കളെ പിച്ചിചീന്തുന്ന അച്ഛന്മാരും ഇവിടെ ജീവിക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ രഘുവിന്റെ മരണം വലിയ സംഭവമല്ലായിരിക്കാം, പക്ഷെ, ഒരാളെ അടിച്ചുകൊല്ലുക എന്നൊക്കെ പറഞ്ഞാല്‍(!!!) ഇനിയും കാഴ്ചക്കാര്‍ മാത്രമായി തുടരണമെന്നുതന്നെയാണോ നമ്മുടെ തീരുമാനം(?) എങ്കില്‍ അത് വലിയ ദുരന്തത്തിലേക്കായിരിക്കും വഴിതുറക്കുക.
പൊലീസുകാരനാണെന്ന് പറഞ്ഞ് അടിച്ചുകൊല്ലാന്‍ എളുപ്പമാണ്. നഷ്ടപ്പെട്ടുപോയ പണം സമ്പാദിച്ചെടുക്കുവാനും കഴിയും. എന്നാല്‍ ഒരു ജീവന്‍ മടക്കികൊടുക്കുവാന്‍ നമുക്കാകുമോ, രഘുവിന്റെ പിഞ്ചുമക്കളുടെ അനാഥത്വത്തിന് ആരാര്‍ക്കാണ് കൈതാങ്ങാവാന്‍ കഴിയുക, അയാളുടെ ഭാര്യയുടെ സങ്കടം ആരും തീര്‍ത്തുകൊടുക്കും, ആയിരം കൈകകളില്‍ കണ്ണീരൊപ്പിയാലും ആ അമ്മയുടെ നൊമ്പരം മാഞ്ഞുപോകുമോ....ദൈവമേ...അടിച്ചുകൊല്ലാനെന്തെളുപ്പമാണ്!!!!ി.

Sunday, October 16, 2011

യുവത്വം മരണത്തിലേക്ക് ബൈക്കോട്ടുന്നു....


യുവത്വം മരണത്തിലേക്ക് ബൈക്കോട്ടുന്നു....
എബി കുട്ടിയാനം
ഓരോ മരണവും തീരാത്ത നൊമ്പരവും നികത്താനാവാത്ത നഷ്ടവുമാണ്. ഉറ്റവരുടെ വേര്‍പ്പാട് നമ്മെ വല്ലാതെ തളര്‍ത്തികളയും. എല്ലാം പ്രപഞ്ച സത്യമാണെന്ന് ഉള്‍ക്കൊള്ളാന്‍ സാഹചര്യം ആവശ്യപ്പെടുമ്പോഴും ഹൃദയത്തിന് തേങ്ങിതേങ്ങി കരയേണ്ടിവരും.
പപ്പ, മമ്മ, കുഞ്ഞനുജന്‍, പൊന്നുപെങ്ങള്‍...ആരുടേതായാലും ഒരു മരണവും ഉള്‍ക്കൊള്ളാന്‍ മനസ്സിന് കഴിയില്ല ഒരിക്കലും. ജീവിച്ച് തുടങ്ങുന്നതിനുമുമ്പ് വേണ്ടപ്പെട്ടൊരാള്‍ മരണത്തിലേക്ക് നടന്നപോകുന്നത് കാണേണ്ടിവന്നാല്‍ അത് കണ്‍മുന്നിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും.
ചില മരണങ്ങള്‍ കുടുംബത്തിന്റെതുമാത്രമല്ല നാടിന്റെ തന്നെ കണ്ണീരായി മാറും. അത് ഇളം പ്രായത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീന്റെ മകന്‍ ഹയാസുദ്ദിന്റെ മരണം അങ്ങനെയൊരു വേദനയാണ് ഒരുപാട് മനസ്സുകളിലേക്ക് ഇട്ടുകൊടുത്തത്. ബാറ്റ്‌കൊണ്ട് കവിത എഴുതിയിരുന്ന പിതാവിന്റെ മകനെ രാജ്യം ഒരുപാട് പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്. പറഞ്ഞിട്ടെന്ത് ഒരു നിമിഷത്തെ അബദ്ധത്തില്‍ എല്ലാം തീര്‍ന്നു.
ബൈക്ക് എന്ന ലഹരിയാണ് അയാസുദ്ദീന്റെ ജീവന്‍ കവര്‍ന്നത് എന്ന വസ്തുത യുവത്വത്തിനുമുന്നില്‍ വലിയ പാഠപുസ്തകമാണ് തുറന്നുവെക്കുന്നത്.
ബൈക്ക് എന്ന സംവിധാനത്തെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ കഴിയില്ല. ഇരുപതിലധിലുമപ്പുറം മൈലേജ് ലഭിക്കാത്ത വലിയ വാഹനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നല്പതുമുതല്‍ 65വരെ മൈലേജ് ലഭിക്കുന്ന മോട്ടോര്‍ സൈക്കിളെന്ന കൊച്ചുവാഹനം വലിയ അനുഗ്രഹം തന്നെയാണ്. പക്ഷെ, അതിനുമുകളില്‍ കയറിയിരിക്കുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ സ്വയം മറന്നുപോകുന്നുവെന്നതാണ് ഖേദകരം. ആക്‌സിലേറ്ററില്‍ കൈഅമര്‍ത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും മിടുക്കനായ പയ്യന്‍ ഞാനാണെന്ന തോന്നലാണ് നമുക്ക്. അതിന്റെ വേഗത ഏറുംതോറും ഉള്ളിലെ ഗമയും ഏറിവരും. പിന്നെ ഒരു പാച്ചിലാണ,് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള പാച്ചില്‍...
വേഗതയില്‍ ബൈക്കോട്ടുമ്പോള്‍ നമ്മുടെ വിചാരം ഈ ലോകം തന്നെ നമ്മെ ശ്രദ്ധിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ എല്ലാവരും സഹതാപത്തോടെയും ആശങ്കയോടെയും കൂടിയാണ് നമ്മെ വീക്ഷിക്കുന്നതെന്ന സത്യം നാം മറക്കുന്നു. ആരെയും ഗൗനിക്കാതെ ആരെയും അനുസരിക്കാതെയുള്ള പറപ്പിക്കല്‍ എവിടെയൊക്കയോ കൂട്ടിമുട്ടി അവസാനിക്കുന്നു. അങ്ങനെ എത്രയെത്ര അപകടങ്ങള്‍ക്കാണ് നാം നിത്യവും സാക്ഷിയാകുന്നത്. ഇത്തിരിവേഗതകൂട്ടി ഓടിച്ചാല്‍ പോലും ഒരിക്കലും ഒരുപാട് നേരത്തെ എത്തിച്ചേരുന്നില്ല എന്നിട്ടും തിരക്ക് അഭിനയിച്ച് ആളുകളെ വിസ്മയിപ്പിക്കാന്‍ ശ്രമിക്കുന്നു.
അക്കാദമിക്കലായി ഒരു പുസ്തകത്തിലുമില്ലാത്ത ഒരു സാമ്പത്തിക പോളിസി കാരണവന്മാര്‍ പറഞ്ഞുതരാറുണ്ട്. അത് ഇങ്ങനെയാണ്. ഒരുപാട് പണം സമ്പാദിക്കുന്നവനല്ല മിടുക്കന്‍, അതിനെ സൂക്ഷിച്ചുകൈകാര്യം ചെയ്യുന്നവനാണ് മിടുക്കന്‍. അതുപോലെയാണ് ബൈക്കിന്റെ കാര്യവും കണ്ണടച്ച് ഓടിക്കലല്ല അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ് മിടുക്ക്. എക്‌സ്‌പേര്‍ട്ട് എന്ന പ്രയോഗം ഡ്രൈവിംഗിലില്ല, പ്രത്യേകിച്ചു ബൈക്ക് റൈസില്‍. അവിചാരിതമായി ഒരു പട്ടികുറുകെ ചാടിയാല്‍ നടുറോഡില്‍ ചിന്നിചിതറുന്ന മിടുക്കുമാത്രമാണ് നമ്മുടേത്, ചെറിയൊരു കല്ലുതട്ടിയാല്‍ മതി അഹങ്കാരത്തിന്റെ കൂളിംഗ് ഗ്ലാസിനൊപ്പം താറിട്ട റോഡില്‍ തലപിളര്‍ന്ന് മലക്കം മറിയും. ഇരുചക്രവാഹനം എന്നതുംതന്നെ ദൈവത്തിന്റെ ഒരു വിസ്മയമാണ്. രണ്ടും മൂന്നും പേരെ ലോഡ് ചെയ്ത് രണ്ട് ടയറുകള്‍ക്കെങ്ങനെ ബാലന്‍സ് ചെയ്യാന്‍ പറ്റുന്നുവെന്നത് ഒരുപാട് വട്ടം ഹൃദയത്തോട് ചോദിക്കേണ്ട ചോദ്യമാണ്.
അശ്രദ്ധയും അഹങ്കാരവും കൊണ്ട് എത്രയെത്ര ചെറുപ്പക്കാരാണ് പെരുവഴിയില്‍ മരിച്ചുവീഴുന്നത്. നാളെ നാടിന്റെ നായകരാവേണ്ട ചുണകുട്ടന്മാര്‍ ജീവിക്കാന്‍ തുടങ്ങുംമുമ്പേ യാത്രയാകുമ്പോള്‍ നിമിഷനേരത്തെ കണ്ണീരിനൊപ്പുറം അതൊരു പാഠമേയാകുന്നില്ല.
എല്ലാം പഠിക്കേണ്ട സമയത്ത് പഠിക്കണം. പ്രായമേറെയാകുമ്പോള്‍ ജീവിതപ്രാരാബ്ദം തലക്കുപിടിക്കുന്ന കാലത്ത് ആര്‍ക്കും ബൈക്ക് പഠിച്ചെടുക്കാനാവില്ല. അത് 15നും 25നും ഇടയില്‍ തന്നെ അഭ്യസിക്കേണ്ട ഒന്നാണ്. മാത്രവുമല്ല ഇപ്പോള്‍ ഏതൊരു ജോലിക്കു കയറുമ്പോഴും അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ ആദ്യം അധികൃതര്‍ ചോദിക്കുന്നത് ടൂ വീലര്‍ ലൈസന്‍സ് ഉണ്ടോ എന്നാണ്. അതുകൊണ്ടുതന്നെ ഇരുചക്രവാഹനങ്ങളെ അകറ്റിനിര്‍ത്താനാവില്ല. എന്നാല്‍ മക്കളുടെ ബൈക്ക് ഭ്രമത്തിനു നേരെ രക്ഷിതാക്കള്‍ വല്ലാത്ത ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു. ബൈക്ക് കയ്യില്‍ കിട്ടുമ്പോള്‍ വലിയ അഭ്യാസികളാകുന്ന മക്കള്‍ക്കുമുന്നില്‍ കര്‍ക്കഷക്കാരനായ മാതാവും പിതാവുമാകണം. 95ശതമാനം മാര്‍ക്കോടെ പാസായാലും അവര്‍ക്ക് ബൈക്ക് സമ്മാനമായി നല്‍കരുത്. പ്രായമേറുന്ന കാലത്ത് പൊന്നുപോലെ നോക്കേണ്ട മക്കളെ നിങ്ങളെന്തിന് അകാലത്തില്‍ മരണത്തിലേക്ക് പറഞ്ഞയക്കണം. വാടകയ്ക്ക് വണ്ടിയെടുത്ത് ലൈസന്‍സുപോലുമില്ലാതെ റോഡിലൂടെ ഓടാന്‍ ഒരിക്കലും കുട്ടികളെ അനുവദിക്കരുത്.
ഇ.എസ്.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും കാണുന്ന ബൈക്ക് റൈസ് യുവത്വത്തെ ഹരം കൊള്ളിക്കുന്നുണ്ടാകും. എന്നാല്‍ നമ്മുടെ ഈ കുണ്ടും കുഴിയുമുള്ള റോഡിലൂടെ അങ്ങനെ ഓട്ടാന്‍ ശ്രമിച്ചാല്‍ എന്താകും അവസ്ഥ(?) ചിന്തിച്ചുകൂടെ(?)
അസ്ഹറിന്റെ മകന്‍ ബൈക്കപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ ഫേസ് ബുക്കില്‍ ഒരു കൂട്ടുകാരന്റെ കമാന്റ് അസ്ഹറിന്റെ മകന്‍ മരിക്കുമ്പോള്‍ അത് വാര്‍ത്തയാണല്ലെ...ആയിരിക്കാം. പക്ഷെ, അതൊരു പാഠം കൂടിയാണെന്ന് ആ കൂട്ടുകാരന്‍ തിരിച്ചറിഞ്ഞില്ല. അശ്രദ്ധയും അഭിനിവേശവുമേറിയ അനേകായിരം കൗമാരക്കാരുടെ പ്രതിനിധിയായിരുന്നു അയാസുദ്ദീന്‍.

പിതാവിനെപോലെ മിതഭാഷിയും സൗമ്യശീലനുമായ അയാസുദ്ദീന്‍ കൗമാരത്തിലെത്തിയതോടെയാണ് ബൈക്കുകളോട് കമ്പം കയറിയത്. പപ്പയെ അതികമൊന്നും ബുദ്ധിമുട്ടിക്കാത്ത മകന്‍ 13 ലക്ഷം രൂപ വിലയുള്ള സുസുക്കിയുടെ 1000സിസി ഫോര്‍ സ്‌ട്രോക്ക് ബൈക്ക്  ആവശ്യപ്പെട്ടപ്പോള്‍ അത് മരണത്തിലേക്കുള്ള ചാവിയാകുമെന്ന് അസ്ഹര്‍ കരുതിയിട്ടുണ്ടാകില്ല. ക്രിക്കറ്റിനൊപ്പം ബൈക്കു റൈസും ഇഷ്ടപ്പെട്ട അയാസിന് കസിനായ അജ്മലായിരുന്നു കൂട്ട്. തലേന്ന് രാത്രി ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്തി സമയമുറപ്പിച്ചാണ് ഇരുവരും അതിരാവിലെ റൈസിങ്ങിനിറങ്ങിയത്.
ബൈക്ക് ഗതാഗതം നിരോധിച്ച ഔട്ടര്‍ റിങ്ങ് റോഡിലായിരുന്നു റൈസിങ്ങ്. നരസിങ്കി പൊലീസ് സ്റ്റേഷനുകീഴിലെ പുപ്പാലും ഗുഡയിലൂടെ കടന്നുപോകുമ്പോള്‍ ബൈക്ക് ഡിവൈഡറിലടിച്ച് തകര്‍ന്നു പിന്നെയെല്ലാം കണ്ണീരിന്റെ കഥ മാത്രം.
മരണത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. അത് സംഭവിച്ചില്ലായിരുന്നുവെങ്കിലെന്ന വിലയിരുത്തല്‍പോലും ദൈവവിധിക്ക് എതിരാണ്. പക്ഷെ, സ്വയം സൂക്ഷിക്കണമെന്ന് ദൈവം തന്നെ പഠിപ്പിക്കുന്നുണ്ടെന്ന കാര്യം നാം ഓര്‍ക്കണം.
ബൈക്കും വാഹനവും ഒരിക്കലും ഷൈനിങ്ങിനുള്ള ഉപകരണമായി ഉപയോഗിക്കരുത്. നാലാളുടെ മുന്നില്‍ താരമാവാന്‍ നമുക്ക് എന്തൊക്കെയോ കഴിവുകള്‍ ദൈവം നല്‍കിയിട്ടുണ്ട്, എന്നിട്ടും  അതിനെ വളര്‍ത്താതെ എന്തിനാണ് തിരിച്ചറിയപ്പെടാത്ത മൃതദേഹമായി മാറാന്‍ നടുറോഡിലൂടെ ചീറിപായുന്നത്.
പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളൊരിക്കലും മക്കളെ ചാവി കൊടുത്ത് കയറൂരി വിടരുത്....കാണുന്നില്ലെ ഒരുപാടൊരുപാട് ചോരകളങ്ങള്‍....

യുവത്വം മരണത്തിലേക്ക് ബൈക്കോട്ടുന്നു....


യുവത്വം മരണത്തിലേക്ക് ബൈക്കോട്ടുന്നു....
എബി കുട്ടിയാനം
ഓരോ മരണവും തീരാത്ത നൊമ്പരവും നികത്താനാവാത്ത നഷ്ടവുമാണ്. ഉറ്റവരുടെ വേര്‍പ്പാട് നമ്മെ വല്ലാതെ തളര്‍ത്തികളയും. എല്ലാം പ്രപഞ്ച സത്യമാണെന്ന് ഉള്‍ക്കൊള്ളാന്‍ സാഹചര്യം ആവശ്യപ്പെടുമ്പോഴും ഹൃദയത്തിന് തേങ്ങിതേങ്ങി കരയേണ്ടിവരും.
പപ്പ, മമ്മ, കുഞ്ഞനുജന്‍, പൊന്നുപെങ്ങള്‍...ആരുടേതായാലും ഒരു മരണവും ഉള്‍ക്കൊള്ളാന്‍ മനസ്സിന് കഴിയില്ല ഒരിക്കലും. ജീവിച്ച് തുടങ്ങുന്നതിനുമുമ്പ് വേണ്ടപ്പെട്ടൊരാള്‍ മരണത്തിലേക്ക് നടന്നപോകുന്നത് കാണേണ്ടിവന്നാല്‍ അത് കണ്‍മുന്നിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും.
ചില മരണങ്ങള്‍ കുടുംബത്തിന്റെതുമാത്രമല്ല നാടിന്റെ തന്നെ കണ്ണീരായി മാറും. അത് ഇളം പ്രായത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീന്റെ മകന്‍ ഹയാസുദ്ദിന്റെ മരണം അങ്ങനെയൊരു വേദനയാണ് ഒരുപാട് മനസ്സുകളിലേക്ക് ഇട്ടുകൊടുത്തത്. ബാറ്റ്‌കൊണ്ട് കവിത എഴുതിയിരുന്ന പിതാവിന്റെ മകനെ രാജ്യം ഒരുപാട് പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്. പറഞ്ഞിട്ടെന്ത് ഒരു നിമിഷത്തെ അബദ്ധത്തില്‍ എല്ലാം തീര്‍ന്നു.
ബൈക്ക് എന്ന ലഹരിയാണ് അയാസുദ്ദീന്റെ ജീവന്‍ കവര്‍ന്നത് എന്ന വസ്തുത യുവത്വത്തിനുമുന്നില്‍ വലിയ പാഠപുസ്തകമാണ് തുറന്നുവെക്കുന്നത്.
ബൈക്ക് എന്ന സംവിധാനത്തെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ കഴിയില്ല. ഇരുപതിലധിലുമപ്പുറം മൈലേജ് ലഭിക്കാത്ത വലിയ വാഹനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നല്പതുമുതല്‍ 65വരെ മൈലേജ് ലഭിക്കുന്ന മോട്ടോര്‍ സൈക്കിളെന്ന കൊച്ചുവാഹനം വലിയ അനുഗ്രഹം തന്നെയാണ്. പക്ഷെ, അതിനുമുകളില്‍ കയറിയിരിക്കുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ സ്വയം മറന്നുപോകുന്നുവെന്നതാണ് ഖേദകരം. ആക്‌സിലേറ്ററില്‍ കൈഅമര്‍ത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും മിടുക്കനായ പയ്യന്‍ ഞാനാണെന്ന തോന്നലാണ് നമുക്ക്. അതിന്റെ വേഗത ഏറുംതോറും ഉള്ളിലെ ഗമയും ഏറിവരും. പിന്നെ ഒരു പാച്ചിലാണ,് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള പാച്ചില്‍...
വേഗതയില്‍ ബൈക്കോട്ടുമ്പോള്‍ നമ്മുടെ വിചാരം ഈ ലോകം തന്നെ നമ്മെ ശ്രദ്ധിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ എല്ലാവരും സഹതാപത്തോടെയും ആശങ്കയോടെയും കൂടിയാണ് നമ്മെ വീക്ഷിക്കുന്നതെന്ന സത്യം നാം മറക്കുന്നു. ആരെയും ഗൗനിക്കാതെ ആരെയും അനുസരിക്കാതെയുള്ള പറപ്പിക്കല്‍ എവിടെയൊക്കയോ കൂട്ടിമുട്ടി അവസാനിക്കുന്നു. അങ്ങനെ എത്രയെത്ര അപകടങ്ങള്‍ക്കാണ് നാം നിത്യവും സാക്ഷിയാകുന്നത്. ഇത്തിരിവേഗതകൂട്ടി ഓടിച്ചാല്‍ പോലും ഒരിക്കലും ഒരുപാട് നേരത്തെ എത്തിച്ചേരുന്നില്ല എന്നിട്ടും തിരക്ക് അഭിനയിച്ച് ആളുകളെ വിസ്മയിപ്പിക്കാന്‍ ശ്രമിക്കുന്നു.
അക്കാദമിക്കലായി ഒരു പുസ്തകത്തിലുമില്ലാത്ത ഒരു സാമ്പത്തിക പോളിസി കാരണവന്മാര്‍ പറഞ്ഞുതരാറുണ്ട്. അത് ഇങ്ങനെയാണ്. ഒരുപാട് പണം സമ്പാദിക്കുന്നവനല്ല മിടുക്കന്‍, അതിനെ സൂക്ഷിച്ചുകൈകാര്യം ചെയ്യുന്നവനാണ് മിടുക്കന്‍. അതുപോലെയാണ് ബൈക്കിന്റെ കാര്യവും കണ്ണടച്ച് ഓടിക്കലല്ല അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ് മിടുക്ക്. എക്‌സ്‌പേര്‍ട്ട് എന്ന പ്രയോഗം ഡ്രൈവിംഗിലില്ല, പ്രത്യേകിച്ചു ബൈക്ക് റൈസില്‍. അവിചാരിതമായി ഒരു പട്ടികുറുകെ ചാടിയാല്‍ നടുറോഡില്‍ ചിന്നിചിതറുന്ന മിടുക്കുമാത്രമാണ് നമ്മുടേത്, ചെറിയൊരു കല്ലുതട്ടിയാല്‍ മതി അഹങ്കാരത്തിന്റെ കൂളിംഗ് ഗ്ലാസിനൊപ്പം താറിട്ട റോഡില്‍ തലപിളര്‍ന്ന് മലക്കം മറിയും. ഇരുചക്രവാഹനം എന്നതുംതന്നെ ദൈവത്തിന്റെ ഒരു വിസ്മയമാണ്. രണ്ടും മൂന്നും പേരെ ലോഡ് ചെയ്ത് രണ്ട് ടയറുകള്‍ക്കെങ്ങനെ ബാലന്‍സ് ചെയ്യാന്‍ പറ്റുന്നുവെന്നത് ഒരുപാട് വട്ടം ഹൃദയത്തോട് ചോദിക്കേണ്ട ചോദ്യമാണ്.
അശ്രദ്ധയും അഹങ്കാരവും കൊണ്ട് എത്രയെത്ര ചെറുപ്പക്കാരാണ് പെരുവഴിയില്‍ മരിച്ചുവീഴുന്നത്. നാളെ നാടിന്റെ നായകരാവേണ്ട ചുണകുട്ടന്മാര്‍ ജീവിക്കാന്‍ തുടങ്ങുംമുമ്പേ യാത്രയാകുമ്പോള്‍ നിമിഷനേരത്തെ കണ്ണീരിനൊപ്പുറം അതൊരു പാഠമേയാകുന്നില്ല.
എല്ലാം പഠിക്കേണ്ട സമയത്ത് പഠിക്കണം. പ്രായമേറെയാകുമ്പോള്‍ ജീവിതപ്രാരാബ്ദം തലക്കുപിടിക്കുന്ന കാലത്ത് ആര്‍ക്കും ബൈക്ക് പഠിച്ചെടുക്കാനാവില്ല. അത് 15നും 25നും ഇടയില്‍ തന്നെ അഭ്യസിക്കേണ്ട ഒന്നാണ്. മാത്രവുമല്ല ഇപ്പോള്‍ ഏതൊരു ജോലിക്കു കയറുമ്പോഴും അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ ആദ്യം അധികൃതര്‍ ചോദിക്കുന്നത് ടൂ വീലര്‍ ലൈസന്‍സ് ഉണ്ടോ എന്നാണ്. അതുകൊണ്ടുതന്നെ ഇരുചക്രവാഹനങ്ങളെ അകറ്റിനിര്‍ത്താനാവില്ല. എന്നാല്‍ മക്കളുടെ ബൈക്ക് ഭ്രമത്തിനു നേരെ രക്ഷിതാക്കള്‍ വല്ലാത്ത ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു. ബൈക്ക് കയ്യില്‍ കിട്ടുമ്പോള്‍ വലിയ അഭ്യാസികളാകുന്ന മക്കള്‍ക്കുമുന്നില്‍ കര്‍ക്കഷക്കാരനായ മാതാവും പിതാവുമാകണം. 95ശതമാനം മാര്‍ക്കോടെ പാസായാലും അവര്‍ക്ക് ബൈക്ക് സമ്മാനമായി നല്‍കരുത്. പ്രായമേറുന്ന കാലത്ത് പൊന്നുപോലെ നോക്കേണ്ട മക്കളെ നിങ്ങളെന്തിന് അകാലത്തില്‍ മരണത്തിലേക്ക് പറഞ്ഞയക്കണം. വാടകയ്ക്ക് വണ്ടിയെടുത്ത് ലൈസന്‍സുപോലുമില്ലാതെ റോഡിലൂടെ ഓടാന്‍ ഒരിക്കലും കുട്ടികളെ അനുവദിക്കരുത്.
ഇ.എസ്.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും കാണുന്ന ബൈക്ക് റൈസ് യുവത്വത്തെ ഹരം കൊള്ളിക്കുന്നുണ്ടാകും. എന്നാല്‍ നമ്മുടെ ഈ കുണ്ടും കുഴിയുമുള്ള റോഡിലൂടെ അങ്ങനെ ഓട്ടാന്‍ ശ്രമിച്ചാല്‍ എന്താകും അവസ്ഥ(?) ചിന്തിച്ചുകൂടെ(?)
അസ്ഹറിന്റെ മകന്‍ ബൈക്കപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ ഫേസ് ബുക്കില്‍ ഒരു കൂട്ടുകാരന്റെ കമാന്റ് അസ്ഹറിന്റെ മകന്‍ മരിക്കുമ്പോള്‍ അത് വാര്‍ത്തയാണല്ലെ...ആയിരിക്കാം. പക്ഷെ, അതൊരു പാഠം കൂടിയാണെന്ന് ആ കൂട്ടുകാരന്‍ തിരിച്ചറിഞ്ഞില്ല. അശ്രദ്ധയും അഭിനിവേശവുമേറിയ അനേകായിരം കൗമാരക്കാരുടെ പ്രതിനിധിയായിരുന്നു അയാസുദ്ദീന്‍.

പിതാവിനെപോലെ മിതഭാഷിയും സൗമ്യശീലനുമായ അയാസുദ്ദീന്‍ കൗമാരത്തിലെത്തിയതോടെയാണ് ബൈക്കുകളോട് കമ്പം കയറിയത്. പപ്പയെ അതികമൊന്നും ബുദ്ധിമുട്ടിക്കാത്ത മകന്‍ 13 ലക്ഷം രൂപ വിലയുള്ള സുസുക്കിയുടെ 1000സിസി ഫോര്‍ സ്‌ട്രോക്ക് ബൈക്ക്  ആവശ്യപ്പെട്ടപ്പോള്‍ അത് മരണത്തിലേക്കുള്ള ചാവിയാകുമെന്ന് അസ്ഹര്‍ കരുതിയിട്ടുണ്ടാകില്ല. ക്രിക്കറ്റിനൊപ്പം ബൈക്കു റൈസും ഇഷ്ടപ്പെട്ട അയാസിന് കസിനായ അജ്മലായിരുന്നു കൂട്ട്. തലേന്ന് രാത്രി ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്തി സമയമുറപ്പിച്ചാണ് ഇരുവരും അതിരാവിലെ റൈസിങ്ങിനിറങ്ങിയത്.
ബൈക്ക് ഗതാഗതം നിരോധിച്ച ഔട്ടര്‍ റിങ്ങ് റോഡിലായിരുന്നു റൈസിങ്ങ്. നരസിങ്കി പൊലീസ് സ്റ്റേഷനുകീഴിലെ പുപ്പാലും ഗുഡയിലൂടെ കടന്നുപോകുമ്പോള്‍ ബൈക്ക് ഡിവൈഡറിലടിച്ച് തകര്‍ന്നു പിന്നെയെല്ലാം കണ്ണീരിന്റെ കഥ മാത്രം.
മരണത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. അത് സംഭവിച്ചില്ലായിരുന്നുവെങ്കിലെന്ന വിലയിരുത്തല്‍പോലും ദൈവവിധിക്ക് എതിരാണ്. പക്ഷെ, സ്വയം സൂക്ഷിക്കണമെന്ന് ദൈവം തന്നെ പഠിപ്പിക്കുന്നുണ്ടെന്ന കാര്യം നാം ഓര്‍ക്കണം.
ബൈക്കും വാഹനവും ഒരിക്കലും ഷൈനിങ്ങിനുള്ള ഉപകരണമായി ഉപയോഗിക്കരുത്. നാലാളുടെ മുന്നില്‍ താരമാവാന്‍ നമുക്ക് എന്തൊക്കെയോ കഴിവുകള്‍ ദൈവം നല്‍കിയിട്ടുണ്ട്, എന്നിട്ടും  അതിനെ വളര്‍ത്താതെ എന്തിനാണ് തിരിച്ചറിയപ്പെടാത്ത മൃതദേഹമായി മാറാന്‍ നടുറോഡിലൂടെ ചീറിപായുന്നത്.
പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളൊരിക്കലും മക്കളെ ചാവി കൊടുത്ത് കയറൂരി വിടരുത്....കാണുന്നില്ലെ ഒരുപാടൊരുപാട് ചോരകളങ്ങള്‍....

Sunday, October 9, 2011

ഒരു തെങ്ങുകയറ്റ തൊഴിലാളിയുടെ വന്‍ വീഴ്ച്ചകള്‍


എബി കുട്ടിയാനം
മുളിയാര്‍ ബാവിക്കര പ്രദേശത്ത് പുലരിക്കുമുമ്പേ ഉറക്കമുണരുന്നവര്‍ കണികാണുന്നത് തെങ്ങുകയറ്റ തൊഴിലാളി കണ്ണേട്ടനെയായിരിക്കും. നേരം വെളുക്കുംമുമ്പേ അയാള്‍ തോട്ടിയും തളയുമെടുത്ത് വീടുവിട്ടിരിക്കും.
ഏറെ വൈകിയുണരുന്ന മടിയന്മാരായ ചെറുപ്പക്കാരും ഇതേ കണ്ണേട്ടനെതന്നെ കണികാണും.ക്ലോക്കില്‍ സമയം ഒമ്പത് മണി ആകുമ്പോഴേക്കും ഒരു ദിവസത്തെ പണിതീര്‍ത്ത് കണ്ണേട്ടന്‍ മടങ്ങുകയാകുമപ്പോള്‍.
കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെ കാലമായി തെങ്ങിന്റെ ഭാഷയും ശ്വാസവുമറിഞ്ഞ് ജീവിക്കുന്ന കണ്ണേട്ടന്‍ ഒരു പ്രദേശത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ്. നട്ടുവളര്‍ത്തിയ തെങ്ങിലെ തേങ്ങവിളവെത്തിയാല്‍ പിന്നെ ഓരോരുത്തരും കണ്ണേട്ടനെ കാത്തിരിക്കാന്‍ തുടങ്ങും ഒരു തെങ്ങോളം പ്രതീക്ഷയോടെ. ജോലിയുടെ തിരക്കില്‍ ഇത്തിരിവൈകിപ്പോയാലും ഏറ്റ വാക്കിന്റെ വിശ്വാസം കാത്ത് അയാള്‍ എത്താതിരിക്കില്ല. ഈ രംഗത്ത് അനേകം തൊഴിലാളികളുണ്ടെങ്കിലും ഇപ്പോഴും അധികമാളുകളും കണ്ണേട്ടന്റെ സാനിധ്യം കൊതിക്കുന്നു. അതുകൊണ്ടുതന്നെ കാലമേറെ കഴിഞ്ഞിട്ടും മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തിലും ജില്ലയുടെ പലഭാഗങ്ങളിലും എത്രയോ തെങ്ങിന്‍ തോപ്പുകളുടെ പ്രിയകൂട്ടുകാരനാണ് കണ്ണേട്ടനിപ്പോഴും.
കാലിലും കയ്യിലും തളയിട്ട് തേങ്ങ ലക്ഷ്യമാക്കി തെങ്ങിന്‍ മുകളിലേക്ക് ചുവടുവെക്കുമ്പോള്‍ ഞാന്‍ തികച്ചും മറ്റൊരു ലോകത്താവും...ജീവിതത്തിന്റെ കഷ്ടതയും പ്രകൃതിയുടെ വശ്യതയും ഒരുമിച്ചറിയുന്ന നിമിഷമാണത്. തെങ്ങുമായുള്ള ആത്മബന്ധത്തിന്റെ കഥപറയാന്‍ തുടങ്ങുമ്പോള്‍ ബാവിക്കര അക്കരയിലെ കണ്ണനെന്ന അറുപതുകാരന്‍ വികാരഭരിതനാകുന്നു.
ജീവിതത്തിന്റെ ഭാരവുംപേറി ആകാശത്തോളമുള്ള തെങ്ങിലേക്ക് കുതിച്ചുകയറുന്ന ഓരോരുത്തര്‍ക്കും ഇത്തിര ആശ്ചര്യം നിറഞ്ഞ ഒരുപാട് കഥകളുണ്ടാകും പങ്കുവെക്കാന്‍. ..അതിന്റെ ഏറ്റവും ഉയരത്തിലെത്തിയ നേരത്ത് വന്നെത്തിയ കൊടുങ്കാറ്റ് മരണത്തിന്റെ മണിയൊച്ചയോടെ തെങ്ങിനെ പിടിച്ചുകുലുക്കിയത്....കൊന്നുകളയുമെന്ന വാശിയോടെ കടന്നല്‍കൂട്ടം വന്നുപൊതിഞ്ഞത്...നിനക്കെന്തിവിടെ കാര്യമെന്നമട്ടില്‍ പാമ്പ് പത്തിവിടര്‍ത്തി പാഞ്ഞടുത്തത്....അങ്ങനെ...അങ്ങനെ....മരണത്തെ കയ്യെത്തും ദൂരത്ത് കണ്ടുപോയ നിമിഷങ്ങള്‍...
എന്നാല്‍ കണ്ണേട്ടന്റെ ജീവിതാനുഭവം ഇതിനുമെത്രയോ അപ്പുറത്താണ്...അറിവുവെച്ചനാള്‍മുതലേ തുടങ്ങിയ തന്റെ തൊഴിലില്‍ കണ്ണേട്ടന്‍ മരണത്തെ മുഖാ മുഖം കാണുകയായിരുന്നില്ല, മറിച്ച് ഒരു പരിധിവരെയെങ്കിലും അതിന്റെ രുചി അറിയുകയായിരുന്നു ഒരിക്കലല്ല, ഒരുപാടുവട്ടം...
ആ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ കണ്ണേട്ടന്റെ സ്വരമിടറും, കണ്ണില്‍ ഭീതി നിറയും...
1977ലായിരുന്നു അത്. പതിവുപോലെതന്നെ അതിരാവിലെ എഴുന്നേറ്റ് വീട്ടിനടുത്തുള്ള പറമ്പിലേക്ക് തേങ്ങ അറുക്കാന്‍ പോയതായിരുന്നു. ഏകദേശം അറുത്തുതീര്‍ത്ത് ഒടുവിലെപ്പെഴോ ഒരു കൂറ്റന്‍ തെങ്ങില്‍ കയറിയതെ ഓര്‍മ്മയുള്ളു...പിന്നീട് അറിയുന്നത് പത്തുദിവസത്തിന് ശേഷമാണ്...ശരീരത്തിന്റെ ഒരു ഭാഗം തന്നെ തകര്‍ന്ന് ഒന്ന് അനങ്ങാന്‍പോലുമാകാതെ ആസ്പത്രികിടക്കയിലായിരുന്നു അപ്പോള്‍...
പ്രതീക്ഷയുടെ എല്ലാ വഴികളും അടഞ്ഞെന്നുകരുതിയ നിമിഷം...ഇനി ഒരിക്കലും പഴയ തൊഴിലിലേക്ക് മടങ്ങിവരാനാവില്ലെന്ന് കണക്കുകൂട്ടി കണ്ണീര്‍വാര്‍ത്തു....ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തുവന്നിട്ടും ഭേദമില്ലാത്ത വേദനകള്‍. വീട്ടില്‍ എത്രയോ ദിവസങ്ങള്‍ ഇരുന്നും കിടന്നും മടുക്കുമ്പോള്‍ പരസഹായത്തോടെ വീട്ടുമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഓരോ രാവുപകലും തള്ളിനീക്കി...
ഇതിനിടയില്‍ എത്രയോ പണം ചികിത്സക്കായി ചിലവായി. എല്ലാം കഴിഞ്ഞുവെന്നുകരുതിയിട്ടും തെങ്ങിനേയും പ്രകൃതിയേയും അമ്മയെപോലെ സ്‌നേഹിച്ച എന്ന കയ്യൊഴിയാന്‍ ദൈവത്തിന് മനസ്സുവന്നില്ലെന്നുവേണം കരുതാന്‍. ഒരുപാട് കഷ്ടതയനുഭവിച്ച ശേഷമാണെങ്കിലും മെല്ലെമെല്ലെ ആരോഗ്യം വീണ്ടുകിട്ടിയപ്പോള്‍ പിന്നെ വീണ്ടും പ്രതീക്ഷയുടെ ഉയരങ്ങളിലേക്ക് ചുവടുവെക്കാന്‍ തുടങ്ങി. ഒരപകടത്തിനൊടുവില്‍ വീണ്ടും ആ തൊഴില്‍  വേണ്ടെന്ന് പലരും പറഞ്ഞെങ്കിലും കണ്ണേട്ടന് തെങ്ങിനെ ഉപേക്ഷിക്കാന്‍ ആവുമായിരുന്നില്ല. ഇളം കാറ്റ് സമ്മാനിക്കുന്ന ഓലയും തേങ്ങയുടെ മണവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയെന്ന് അദ്ദേഹം പറയും.
അങ്ങനെ വീണ്ടും പഴയ ചുറുചുറുക്കുള്ള തൊഴിലാളിയായി തുള്ളിച്ചാടി നടക്കുന്നതിനിടയില്‍ മൂന്നുവര്‍ഷത്തിനുശേഷം വീണ്ടുമൊരു ദുരന്തം. അനുഭവിച്ച ദുരന്തത്തേക്കാള്‍ ഭീകരമായിരുന്നു അത്.
ബാവിക്കരയിലെ ഒരു സ്വകാര്യവ്യക്തിയുടെ നൂറടിയോളം ഉയരമുള്ള തെങ്ങില്‍ നിന്ന് തേങ്ങ അറുത്തുകൊണ്ടിരിക്കേ ഒരു ഉറുമ്പിന്റെ കടിയേറ്റതും മെല്ലെ പിടിവിട്ടുപോയതും അടിയില്‍ വലിയ പാറകൂട്ടത്തില്‍ തലയിടിച്ചവീണതും മാത്രമേ ഓര്‍മ്മയിലുള്ളു. ശരീരത്തിന്റെ പലഭാഗങ്ങളിലും മാരകമായി ക്ഷതമേറ്റ് എല്ലാം തകര്‍ന്നുപോയ അവസ്ഥ. പിന്നെ വീണ്ടു മരുന്നുമണക്കുന്ന ആസ്പത്രി കിടക്കയും നിറങ്ങള്‍ മാഞ്ഞ മനസ്സുമായി എത്രയോ മാസങ്ങള്‍.
തെങ്ങ് ചതിക്കില്ല, തേങ്ങ ചതിക്കില്ല എന്ന പല്ലവി തെങ്ങിന്റെ പ്രിയകൂട്ടുകാരനുമുന്നില്‍ പലവട്ടം തെറ്റി. എന്നിട്ടും കണ്ണേട്ടന് തെങ്ങ് എന്ന് പറഞ്ഞാല്‍ ജീവനായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ കാസര്‍കോട് ഗവ.ആസ്പത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടക്കുമ്പോള്‍ പുറത്ത് ആടികളിക്കുന്ന തെങ്ങിനെ ആവേശപൂര്‍വ്വം നോക്കും. അത്രമേല്‍ ഇഷ്ടമാണയാള്‍ക്ക് ആ വൃക്ഷത്തെ.
ഒന്നല്ല രണ്ടുതവണ ദുരന്തം പിടിച്ചുവലിച്ചിട്ടിട്ടും വിധിയോട് തോല്‍ക്കാന്‍ അദ്ധ്വാനം മാത്രം ശീലിച്ച ഈ മനുഷ്യന് മനസ്സുണ്ടായിരുന്നില്ല....കൈകാലുകള്‍ വീണ്ടും ആരോഗ്യത്തിന്റെ ഊര്‍ജ്ജസ്വലത കാണിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരേയും അല്‍ഭുതപ്പെടുത്തികൊണ്ട് അദ്ദേഹം വീണ്ടും പണിക്കിറങ്ങി. നാട്ടുകാരുടെ പ്രിയപ്പെട്ട കണ്ണേട്ടനാവാന്‍ അയാള്‍ക്ക് അധികനാള് വേണ്ടിവന്നില്ല. അങ്ങനെ ഓരോ തെങ്ങും തേങ്ങയും വീണ്ടും കണ്ണേട്ടന്റെ സാന്ത്വന സ്പര്‍ശമറിയാന്‍ തുടങ്ങി.
കാലത്തിന്റെ കലണ്ടറില്‍ വര്‍ഷങ്ങള്‍ വീണ്ടും കൊഴിഞ്ഞുവീണു...ആയുസ്സിന്റെ പുസ്തകത്തില്‍ വയസ് ഓരോന്നായി രേഖപ്പെടുത്തുമ്പോഴും നാട്ടുകാരുടെ കണ്ണേട്ടന് യുവത്വത്തിന്റെ പ്രസരിപ്പുമാത്രമായിരുന്നു. തെങ്ങിന്‍മുകളില്‍ നിന്ന് തെങ്ങിന്‍മുകളിലേക്കയാള്‍ പാറിപാറി നടന്നു. .
ആശ്ചര്യമെന്നുപറയട്ടെ ദുരന്തം വീണ്ടും അദ്ദേഹത്തിനുവേണ്ടി കെണി ഒരുക്കിവെച്ചിരിക്കുകയായിരുന്നു. തെങ്ങിനുപകരം ഇത്തവണ പ്ലാവായിരുന്നു വില്ലന്‍...1999ലായിരുന്നു മൂന്നാമത്തെ ദുരന്തം. വ്യക്തമായി പറഞ്ഞാല്‍ വിധി ഒരിക്കല്‍ കൂടി തോറ്റുമടങ്ങി 19 വര്‍ഷം കഴിഞ്ഞതിനുശേഷം.
ബേപ്പില്‍ ഒരു പ്ലാവിന്റെ ശിഖരം വെട്ടിമാറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുറുകെ പിടിച്ചോ എന്ന് താഴെ നിന്ന് ആരോ വിളിച്ചുപറഞ്ഞു. കണ്ണേട്ടന് പിന്നെ ഒന്നും ഓര്‍മ്മയില്ല...ദിവസങ്ങള്‍ക്കുശേഷം ബോധം തിരിച്ചുകിട്ടുമ്പോള്‍ ആസ്പത്രി കിടക്കയിലായിരുന്നു.
കഴിഞ്ഞ രണ്ട് അപകടത്തേക്കാള്‍ ബുദ്ധിമുട്ടിച്ചു ഇത്...രണ്ടു കൈകളും പൂര്‍ണ്ണമായി ഒടിഞ്ഞു, മറ്റുപലഭാഗങ്ങളിലും മാരകമായ മുറിവുകളും ക്ഷതങ്ങളും...വിധിയുടെ ക്രൂരമായ വികൃതി...ഒരു വര്‍ഷത്തോളമാണ് ആസ്പത്രിയില്‍ കഴിയേണ്ടി വന്നത്. അവിടുത്തെ ചിലവ് താങ്ങാന്‍ കഴിയാത്തതുകൊണ്ടുമാത്രം ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ വന്നു. ശരീരം അനക്കാനാവാത്ത അസഹനീയമായ അവസ്ഥയില്‍ വീട്ടില്‍ തള്ളിനീക്കിയ നിമിഷങ്ങള്‍ ജീവിതത്തില്‍ ഏറ്റവും ബോറടിച്ച ഒന്നായിരുന്നുവെന്ന് കണ്ണേട്ടന്‍ പറയുന്നു.
മരിച്ചുജീവിക്കുന്നതിനേക്കാള്‍ ഭേദം മരണം തന്നെയായിരുന്നുവെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
കണ്ണേട്ടന്‍ പറയുന്നു, ദ ആ പുഴ കണ്ടില്ലെ അതില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലുമായേനെ..രാവും പകലുമെല്ലാം പുഴകടവില്‍പോയിരുന്ന് അതിന്റെ പാട്ടുകേട്ട് അതിന്റെ കുസൃതികണ്ട് അങ്ങനെ അങ്ങനെ ദിവസങ്ങള്‍ എണ്ണി തീര്‍ത്തു....അവിടെ പോയിരിക്കുമ്പോള്‍ മനോഹരമായി വിടര്‍ന്നുനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളെയും അതിന്റെ ആടി കളിക്കുന്ന ഓലകളേയും കാണാം...ഒന്നുമില്ലാതെ ശൂന്യമായിപ്പോയ ഒരു മനസ്സിന് അതൊക്കെ ധാരാളമായിരുന്നു.
കൂറ്റന്‍ പ്ലാവില്‍ നിന്നുള്ള മാരകമായ വീഴ്ച ഇത്തവണയെങ്കിലും കണ്ണേട്ടന്റെ കരിയറിനെ ഇല്ലാതാക്കിയെന്ന് എല്ലാവരും ഉറപ്പിച്ചു. ഇനി ഒരു തിരിച്ചുവരവ് അയാള്‍ക്ക് സാധ്യമേയെല്ലെന്ന് പലരും അടക്കിപറഞ്ഞു. അതുകൊണ്ട്തന്നെ കണ്ണേട്ടന്റെ അഭവത്തില്‍ തങ്ങളുടെ പറമ്പില്‍ നിന്ന് തേങ്ങയും അടക്കയും പറിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ടവരെ പലരും സ്ഥിരമാക്കി. പക്ഷെ, കണ്ണേട്ടന്‍ മാത്രം പിമ്മാറാന്‍ തയാറായിരുന്നില്ല. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മവിശ്വാസവും ദൈവത്തിലുള്ള ദൃഡവിശ്വാസവുമായി രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും പഴയ പണിക്കിറങ്ങി. ഒന്നിനുപിറകെ ഒന്നായി അപകടം പിടികൂടിയിട്ടും കൂട്ടാക്കാത്ത ഈ മനുഷ്യനെ നോക്കി പലരും മൂക്കത്ത് വിരല്‍വെച്ചു, ഇയാള്‍ക്ക് ഇനിയെങ്കിലും മതിയാക്കികൂടെയെന്ന് പലരും അടക്കി പറഞ്ഞു.,,,പക്ഷെ, കണ്ണേട്ടനു ജീവിതമെന്നാല്‍ തെങ്ങാണ് അതുകഴിച്ചിട്ടേ മറ്റെന്തുമുള്ളു.
കളി എന്നോടുവേണ്ടെന്ന താക്കീതുമായി വിധിയെ വെല്ലുവിളിച്ച് ഒരിക്കല്‍ കൂടി തെങ്ങുകയറ്റതൊഴിലാളിയുടെ കാല്‍തള  കെട്ടിയപ്പോള്‍ തോല്‍പ്പിക്കണമെന്നവാശിയോടെ അപകടം പിന്നെയും വഴിയരികല്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. 2002 ജനുവരി രണ്ടിനായിരുന്നു അത്, ഒരു വെള്ളിയാഴ്ച ദിവസം. ഇത്തവണ വീണത് ബാവിക്കരയിലെ മറ്റൊരു കൂറ്റന്‍ തെങ്ങില്‍ നിന്നും...എല്ലാം പഴയതുപോലെ തന്നെ വീണ്ടും ആസ്പത്രിയും അവിടുത്തെ മരുന്നുകളും മാത്രം കൂട്ട്...
നാലാമത്തെ വീഴ്ചയുമെത്തിയപ്പോഴേക്കും കണ്ണേട്ടന്‍ എല്ലാം ശീലിച്ചിരുന്നു...പരാതിയോ പരിഭവമോ ഇല്ലാതെ ഇതെത്ര കണ്ടെതെന്ന ഭാവത്തിലായിരുന്നു അപ്പോള്‍ കണ്ണേട്ടന്റെ കിടപ്പ്...
അപകടവിവരമറിഞ്ഞ് പലരും ആസ്പത്രിയിലെത്തി...സുഖവിവരമന്വേഷിച്ചതിനപ്പുറം ഇനി വീണ്ടും പണിക്കിറങ്ങുന്നുണ്ടോ എന്ന് തമാശക്കായിട്ടാണെങ്കിലും ആരും ചോദിച്ചില്ല. കാരണം അവര്‍ക്കറിയാം തെങ്ങില്‍ കാലുറക്കുമെങ്കില്‍ അയാള്‍ ചുവടുവെക്കുമെന്ന്...ആര്‍ക്കും ഒന്നും തെറ്റിയില്ല...25ദിവസത്തെ ചികിത്സ കഴിഞ്ഞൊടുവില്‍ ഡിസ്ചാര്‍ജ്ജ് ചെയ്തതിന്റെ പിറ്റേദിവസം തന്നെ അയാള്‍ തെങ്ങുകയറാന്‍ തുടങ്ങി.
 മാരകമായ നാലു വീഴ്ചകള്‍ക്കുമപ്പുറം കൊച്ചുകൊച്ചു അപകടങ്ങള്‍ പിന്നെയുമുണ്ടായിട്ടുണ്ട്. ആസ്പത്രിയിലൊന്നും കിടക്കേണ്ടിവന്നിട്ടില്ലാത്തതുകൊണ്ട് ഞാന്‍ അതിനെ അത്രയൊന്നും കാര്യമാക്കുകയോ ഓര്‍ത്തുവെക്കുകയോ ചെയ്തിട്ടില്ല.
ദുരന്തങ്ങള്‍ എഴുതിവെച്ച ഡയറിമറിക്കുമ്പോള്‍ കണ്ണേട്ടന്റെ മുഖത്തും വാക്കിലുമെല്ലാം ആത്മവിശ്വാസത്തിന്റെ ആയിരം പുഴകളൊഴുകിവരുന്നു.
അപകടങ്ങള്‍ ഒരുപാട് കണ്ടിട്ടും മരണത്തിന്റെ മുഖമറിഞ്ഞിട്ടും ഒന്നിനോടും തോല്‍ക്കാതെ കണ്ണുരുട്ടി വരുന്ന ദുരന്തത്തോട് പോയ് പണിനോക്കാന്‍ പറഞ്ഞ കണ്ണേട്ടനോട് നിങ്ങള്‍ക്കെന്തുവേണമെങ്കിലും പറയാം അയാള്‍ നിഷ്‌കളങ്കതയോടെ ചിരിക്കും. എന്നാല്‍ തെങ്ങില്‍ കയറരുതെന്നുമാത്രം പറയരുത്. അതയാള്‍ സഹിക്കില്ല കാരണം അത് അദ്ദേഹത്തിന് ജീവനാണത്...

Saturday, October 8, 2011

അരിവിളയുന്ന മുളങ്കാടുകളില്‍ ദയ്യു തിരക്കിലാണ്‌


എബി കുട്ടിയാനം
നാട്ടിന്‍പുറങ്ങളില്‍ നാട്ടിപ്പണിയുടെ ആരവമുയരുന്ന മഴക്കാലങ്ങള്‍ മലയാളിയുടെ ഗൃഹാതുരത്വമാണ്. വയറുനിറക്കാന്‍വേണ്ടി ചെളിനിറഞ്ഞ പാടങ്ങളില്‍ പണിയെടുക്കുമ്പോള്‍ അവരുടെ ഹൃദയം തന്നെ നിറയും.
വീണ്ടും മഴ വരുന്നു, മാഞ്ഞുപോയ നെല്‍പ്പാടങ്ങള്‍ പഴമക്കാരുടെ ഉള്ളിലെ സുഖമുള്ള ഓര്‍മ്മകള്‍ മാത്രം. ഇനി അതുപോലൊരു കാഴ്ചകാണണമെങ്കില്‍ ആന്ദ്രയിലെ നെല്ലൂരിലേക്കോ തമിഴ്‌നാടിലെ തഞ്ചാവൂരിലേക്കോ പോവണം.
എന്നാല്‍ ആദൂരിലെ ദയ്യുവിന് മുന്നില്‍ ദൈവം ആ പഴയ കാലത്തെ ഒരിക്കല്‍കൂടി മടക്കികൊടുത്തിരിക്കുന്നു. നാട്ടിപ്പണിയെടുത്ത് മണ്ണിന്റെ മണമറിഞ്ഞിരുന്ന ദയ്യുവിന്റെ അരികില്‍ ഇത്തവണ വിളഞ്ഞത് നെല്‍പ്പാടങ്ങളല്ല, പകരം മുളങ്കാടുകളാണ്.
അറുപതു വര്‍ഷങ്ങള്‍ക്കുശേഷമാണ് മുളപൂക്കാറുള്ളത്. കാലങ്ങള്‍ക്കിപ്പുറം ദയ്യുവിന്റെ വീട്ടുമുറ്റത്ത് മുള പൂത്തിരിക്കുന്നു. ഇപ്പോഴവര്‍ക്ക് നിന്നുതിരിയാന്‍ നേരമില്ലാത്ത തിരക്കാണ്. വീട്ടാവശ്യത്തിനുള്ള അരികളത്രയും അവര്‍ ശേഖരിച്ചെടുക്കുകയാണതില്‍ നിന്നും.
മാര്‍ക്കറ്റില്‍ അരിവിലകൂടുമ്പോള്‍ നമ്മള്‍ വിലകുറവുള്ള നീതി സ്റ്റോറുകള്‍ തേടി ഓടും, റേഷന്‍ ഷോപ്പിനുമുന്നില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കും, വിലവര്‍ദ്ധനവിനെതിരെ സമരം ചെയ്യും ചിലപ്പോള്‍, എന്നാല്‍ ഇതിനൊന്നും ദയ്യുവിനെ കിട്ടില്ല. അവരുടെ അരികിലേക്ക് ദൈവം തന്നെ അരിച്ചാക്കുമായി വന്നിരിക്കുന്നു. വീട്ടിനടുത്ത് പൂത്തിരിക്കുന്ന മുളയില്‍ നിന്നുള്ള അരിയിലാണ് അവരിപ്പോള്‍ കഞ്ഞിവെക്കുന്നത്, രാവിലെ ചായക്കുള്ള അപ്പവും മറ്റു ആഹാരപദാര്‍ത്ഥങ്ങളുമെല്ലാം അതില്‍ നിന്നുതന്നെയാണ്.
ദയ്യുവിന് 84 വയസായി. എന്നാല്‍ മുളങ്കാട് വിളഞ്ഞപ്പോള്‍ ആ കൊയ്ത്തുത്സവത്തിനുമുന്നില്‍ അവര്‍ ചുറുചുറുക്കുള്ള യുവതിയായി മാറിയിരിക്കുന്നു.
രാവിലെ എഴുന്നേറ്റ് മുളങ്കാടിനടയില്‍ അടിച്ചുവൃത്തിയാക്കിവരും. ഉച്ചക്കുശേഷം പോയി  നെല്ല്‌ശേഖരിക്കും. പിന്നെ അതിനെ ഉണക്കിയെടുത്ത് ഉലക്കയിലിട്ട് കുത്തി അരിയാക്കും. ചിലപ്പോള്‍ പൊടിച്ചെടുക്കാനായി മില്ലിലേക്കും കൊണ്ടുപോകും. ദിവസവും ഒരു കിലോയിലധികം അരി കിട്ടാറുണ്ടെന്ന് ദയ്യു സുന്ദരമായ തുളുവില്‍ പറഞ്ഞു തന്നു.

ഞങ്ങളെത്തുമ്പോള്‍ ദയ്യു അന്നു കിട്ടിയ നെല്ലിന്റെ കതിര് വേര്‍തിരിച്ചെടുക്കുന്ന തിരക്കിലായിരുന്നു. പത്രക്കാരാണെന്നുപറഞ്ഞപ്പോള്‍ നാട്ടിന്‍പുറത്തിന്റെ ലജ്ജയോടെ ഒഴിഞ്ഞുമാറുകയോ, അപരിഷ്‌കാരം കൊണ്ട് നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല. മുളങ്കാട് പൂക്കുന്നതിന്റെ ഹിസ്റ്ററിതൊട്ട് അതിന്റെ അരിയുടെ രുചിഭേദം വരെ സുന്ദരമായ തുളുവില്‍ അക്കമിട്ടു പറഞ്ഞുതന്നു. ഇന്ത്ട്ട് അഡ്യമാള്‍പ്പറ്, ഇന്തട്ട് ഒണ്‍സമാള്‍പ്പറ്, ഇന്തട്ട് മര്‍ദ്ദകള ആപ്പുണ്ട്...തനി തുളുവില്‍ ദയ്യു പറയുമ്പോള്‍ അത് കേട്ടിരിക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം ഓരോ കാര്യവും വഴിക്കുവഴിയായിട്ടാണ് അവര്‍ പറഞ്ഞുതരുന്നത്. കൂടെവന്ന ചാനല്‍ ക്യാമറാമാന്‍ അവരെ വിവിധ ആംഗിളുകളിലേക്ക് മാറ്റി മാറ്റി ഇരുത്തുമ്പോഴും അവര്‍ വല്ലാത്ത എനര്‍ജറ്റിക്കാണ്.
ദയ്യുവിന്റെ കൊച്ചുവീട്ടിലെ കൊച്ചുപാത്രങ്ങളിലും കൊച്ചുകൊച്ചു ചാക്കുകളിലും നിറയെ അരികളാണ്. ദയ്യുവും മകന്‍ സജ്ജീവനുമടക്കം അഞ്ചുപേര്‍ താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ സമൃതിയുടെ കാലമാണ്. കടയില്‍ നിന്ന് വിലകൊടുത്ത് അരി വാങ്ങാതെ രണ്ടുമാസമായി. ഇപ്പോഴവര്‍ പ്രകൃതി ഭക്ഷണത്തിന്റെ ഗുണവും രുചിയുമറിയുന്നു.
പണ്ട് അറുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് മുളപൂത്തപ്പോള്‍ കൊയ്‌തെടുത്ത ഓര്‍മ്മകള്‍ ദയ്യുവിന്റെ മനസില്‍ നൂറു ഗൃഹാതുരത്വമായി നിറയുന്നുണ്ട്. ആ ബാല്യത്തിലേക്കാണ് മുളങ്കാടുകള്‍ വീണ്ടും അവരെ കൂട്ടികൊണ്ടുപോകുന്നത്. വീട്ടാവശ്യത്തിനുള്ളത് കഴിച്ച് ബാക്കിയുള്ളത് വില്‍ക്കും. അന്ന് ഒരു കിലോ അരി വിറ്റത് അഞ്ചു പൈസക്കായിരുന്നു. എന്നാലിപ്പോള്‍ അതിന് 120 രൂപയുണ്ട്. ഭക്ഷണമുണ്ടാക്കാമെന്നതിനപ്പുറം ഔഷധഗുണമുള്ള സാധനമായതിനാല്‍ നിരവധിപേരാണ് ദയ്യുവിന്റെ അടുത്തേക്ക് മുളയരി വാങ്ങാനെത്തുന്നത്. നിരവധി രോഗങ്ങള്‍ക്ക് ഉത്തമ മരുന്നാണിതെന്ന് ദയ്യു പറയുന്നു.
നെല്ല് ശേഖരിച്ച് ഉണക്കിയെടുത്ത് കുത്തിപൊടിച്ച് അരിയാക്കിയെടുക്കാന്‍ വലിയ അദ്ധ്വാനമുണ്ട്. എന്നാല്‍ ദയ്യുവിന് അതൊരു അഭിനിവേശംതന്നെയാണ്. അരി തരുന്ന കാടിനെ ഏറെ പവിത്രതയോടെയാണ് അവര്‍ കാണുന്നത്. കുളിച്ചുവൃത്തിയായി മാത്രമേ അവര്‍ അതിന്റെ ചുവട്ടില്‍ പോകാറുള്ളുവത്രെ.
മുള വാഴ പോലെയാണ്. പൂത്തുകഴിഞ്ഞാല്‍ പിന്നെ നശിക്കും. മാര്‍ച്ചുമുതല്‍ ജൂണ്‍ വരെയാണ് മുള വിളയുന്നത്. മഴ വരുന്നതോടെ ചത്തുവീഴും. അതുകൊണ്ടുതന്നെ ദയ്യു വല്ലാത്ത തിരക്കിലാണിപ്പോള്‍ പൂത്തനെല്ലുകളത്രയും നഷ്ടമാവാതെ ശേഖരിക്കുവാനാണ് അവരുടെ പരിശ്രമം.
ആന്ദ്രയില്‍ ലോറി സമരമാണെന്നുപറഞ്ഞാല്‍ ഇനി ദയ്യു കുലുങ്ങില്ല. കനത്തമഴയില്‍ തമിഴ്‌നാട്ടിലെ നെല്‍പ്പാടം നശിച്ചുവെന്നുപറഞ്ഞാലും അവര്‍ കേട്ടഭാവം നടിക്കില്ല. അതെ, ഒരു വര്‍ഷത്തേക്കുള്ള അരികളത്രയും പ്രകൃതി സമ്മാനിച്ചുകഴിഞ്ഞു. ഇനി ഈ പഞ്ഞമാസത്തിലും അവര്‍ക്ക് സമൃതിയുടെ കാലമാണ്.