Saturday, October 8, 2011

അരിവിളയുന്ന മുളങ്കാടുകളില്‍ ദയ്യു തിരക്കിലാണ്‌


എബി കുട്ടിയാനം
നാട്ടിന്‍പുറങ്ങളില്‍ നാട്ടിപ്പണിയുടെ ആരവമുയരുന്ന മഴക്കാലങ്ങള്‍ മലയാളിയുടെ ഗൃഹാതുരത്വമാണ്. വയറുനിറക്കാന്‍വേണ്ടി ചെളിനിറഞ്ഞ പാടങ്ങളില്‍ പണിയെടുക്കുമ്പോള്‍ അവരുടെ ഹൃദയം തന്നെ നിറയും.
വീണ്ടും മഴ വരുന്നു, മാഞ്ഞുപോയ നെല്‍പ്പാടങ്ങള്‍ പഴമക്കാരുടെ ഉള്ളിലെ സുഖമുള്ള ഓര്‍മ്മകള്‍ മാത്രം. ഇനി അതുപോലൊരു കാഴ്ചകാണണമെങ്കില്‍ ആന്ദ്രയിലെ നെല്ലൂരിലേക്കോ തമിഴ്‌നാടിലെ തഞ്ചാവൂരിലേക്കോ പോവണം.
എന്നാല്‍ ആദൂരിലെ ദയ്യുവിന് മുന്നില്‍ ദൈവം ആ പഴയ കാലത്തെ ഒരിക്കല്‍കൂടി മടക്കികൊടുത്തിരിക്കുന്നു. നാട്ടിപ്പണിയെടുത്ത് മണ്ണിന്റെ മണമറിഞ്ഞിരുന്ന ദയ്യുവിന്റെ അരികില്‍ ഇത്തവണ വിളഞ്ഞത് നെല്‍പ്പാടങ്ങളല്ല, പകരം മുളങ്കാടുകളാണ്.
അറുപതു വര്‍ഷങ്ങള്‍ക്കുശേഷമാണ് മുളപൂക്കാറുള്ളത്. കാലങ്ങള്‍ക്കിപ്പുറം ദയ്യുവിന്റെ വീട്ടുമുറ്റത്ത് മുള പൂത്തിരിക്കുന്നു. ഇപ്പോഴവര്‍ക്ക് നിന്നുതിരിയാന്‍ നേരമില്ലാത്ത തിരക്കാണ്. വീട്ടാവശ്യത്തിനുള്ള അരികളത്രയും അവര്‍ ശേഖരിച്ചെടുക്കുകയാണതില്‍ നിന്നും.
മാര്‍ക്കറ്റില്‍ അരിവിലകൂടുമ്പോള്‍ നമ്മള്‍ വിലകുറവുള്ള നീതി സ്റ്റോറുകള്‍ തേടി ഓടും, റേഷന്‍ ഷോപ്പിനുമുന്നില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കും, വിലവര്‍ദ്ധനവിനെതിരെ സമരം ചെയ്യും ചിലപ്പോള്‍, എന്നാല്‍ ഇതിനൊന്നും ദയ്യുവിനെ കിട്ടില്ല. അവരുടെ അരികിലേക്ക് ദൈവം തന്നെ അരിച്ചാക്കുമായി വന്നിരിക്കുന്നു. വീട്ടിനടുത്ത് പൂത്തിരിക്കുന്ന മുളയില്‍ നിന്നുള്ള അരിയിലാണ് അവരിപ്പോള്‍ കഞ്ഞിവെക്കുന്നത്, രാവിലെ ചായക്കുള്ള അപ്പവും മറ്റു ആഹാരപദാര്‍ത്ഥങ്ങളുമെല്ലാം അതില്‍ നിന്നുതന്നെയാണ്.
ദയ്യുവിന് 84 വയസായി. എന്നാല്‍ മുളങ്കാട് വിളഞ്ഞപ്പോള്‍ ആ കൊയ്ത്തുത്സവത്തിനുമുന്നില്‍ അവര്‍ ചുറുചുറുക്കുള്ള യുവതിയായി മാറിയിരിക്കുന്നു.
രാവിലെ എഴുന്നേറ്റ് മുളങ്കാടിനടയില്‍ അടിച്ചുവൃത്തിയാക്കിവരും. ഉച്ചക്കുശേഷം പോയി  നെല്ല്‌ശേഖരിക്കും. പിന്നെ അതിനെ ഉണക്കിയെടുത്ത് ഉലക്കയിലിട്ട് കുത്തി അരിയാക്കും. ചിലപ്പോള്‍ പൊടിച്ചെടുക്കാനായി മില്ലിലേക്കും കൊണ്ടുപോകും. ദിവസവും ഒരു കിലോയിലധികം അരി കിട്ടാറുണ്ടെന്ന് ദയ്യു സുന്ദരമായ തുളുവില്‍ പറഞ്ഞു തന്നു.

ഞങ്ങളെത്തുമ്പോള്‍ ദയ്യു അന്നു കിട്ടിയ നെല്ലിന്റെ കതിര് വേര്‍തിരിച്ചെടുക്കുന്ന തിരക്കിലായിരുന്നു. പത്രക്കാരാണെന്നുപറഞ്ഞപ്പോള്‍ നാട്ടിന്‍പുറത്തിന്റെ ലജ്ജയോടെ ഒഴിഞ്ഞുമാറുകയോ, അപരിഷ്‌കാരം കൊണ്ട് നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല. മുളങ്കാട് പൂക്കുന്നതിന്റെ ഹിസ്റ്ററിതൊട്ട് അതിന്റെ അരിയുടെ രുചിഭേദം വരെ സുന്ദരമായ തുളുവില്‍ അക്കമിട്ടു പറഞ്ഞുതന്നു. ഇന്ത്ട്ട് അഡ്യമാള്‍പ്പറ്, ഇന്തട്ട് ഒണ്‍സമാള്‍പ്പറ്, ഇന്തട്ട് മര്‍ദ്ദകള ആപ്പുണ്ട്...തനി തുളുവില്‍ ദയ്യു പറയുമ്പോള്‍ അത് കേട്ടിരിക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം ഓരോ കാര്യവും വഴിക്കുവഴിയായിട്ടാണ് അവര്‍ പറഞ്ഞുതരുന്നത്. കൂടെവന്ന ചാനല്‍ ക്യാമറാമാന്‍ അവരെ വിവിധ ആംഗിളുകളിലേക്ക് മാറ്റി മാറ്റി ഇരുത്തുമ്പോഴും അവര്‍ വല്ലാത്ത എനര്‍ജറ്റിക്കാണ്.
ദയ്യുവിന്റെ കൊച്ചുവീട്ടിലെ കൊച്ചുപാത്രങ്ങളിലും കൊച്ചുകൊച്ചു ചാക്കുകളിലും നിറയെ അരികളാണ്. ദയ്യുവും മകന്‍ സജ്ജീവനുമടക്കം അഞ്ചുപേര്‍ താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ സമൃതിയുടെ കാലമാണ്. കടയില്‍ നിന്ന് വിലകൊടുത്ത് അരി വാങ്ങാതെ രണ്ടുമാസമായി. ഇപ്പോഴവര്‍ പ്രകൃതി ഭക്ഷണത്തിന്റെ ഗുണവും രുചിയുമറിയുന്നു.
പണ്ട് അറുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് മുളപൂത്തപ്പോള്‍ കൊയ്‌തെടുത്ത ഓര്‍മ്മകള്‍ ദയ്യുവിന്റെ മനസില്‍ നൂറു ഗൃഹാതുരത്വമായി നിറയുന്നുണ്ട്. ആ ബാല്യത്തിലേക്കാണ് മുളങ്കാടുകള്‍ വീണ്ടും അവരെ കൂട്ടികൊണ്ടുപോകുന്നത്. വീട്ടാവശ്യത്തിനുള്ളത് കഴിച്ച് ബാക്കിയുള്ളത് വില്‍ക്കും. അന്ന് ഒരു കിലോ അരി വിറ്റത് അഞ്ചു പൈസക്കായിരുന്നു. എന്നാലിപ്പോള്‍ അതിന് 120 രൂപയുണ്ട്. ഭക്ഷണമുണ്ടാക്കാമെന്നതിനപ്പുറം ഔഷധഗുണമുള്ള സാധനമായതിനാല്‍ നിരവധിപേരാണ് ദയ്യുവിന്റെ അടുത്തേക്ക് മുളയരി വാങ്ങാനെത്തുന്നത്. നിരവധി രോഗങ്ങള്‍ക്ക് ഉത്തമ മരുന്നാണിതെന്ന് ദയ്യു പറയുന്നു.
നെല്ല് ശേഖരിച്ച് ഉണക്കിയെടുത്ത് കുത്തിപൊടിച്ച് അരിയാക്കിയെടുക്കാന്‍ വലിയ അദ്ധ്വാനമുണ്ട്. എന്നാല്‍ ദയ്യുവിന് അതൊരു അഭിനിവേശംതന്നെയാണ്. അരി തരുന്ന കാടിനെ ഏറെ പവിത്രതയോടെയാണ് അവര്‍ കാണുന്നത്. കുളിച്ചുവൃത്തിയായി മാത്രമേ അവര്‍ അതിന്റെ ചുവട്ടില്‍ പോകാറുള്ളുവത്രെ.
മുള വാഴ പോലെയാണ്. പൂത്തുകഴിഞ്ഞാല്‍ പിന്നെ നശിക്കും. മാര്‍ച്ചുമുതല്‍ ജൂണ്‍ വരെയാണ് മുള വിളയുന്നത്. മഴ വരുന്നതോടെ ചത്തുവീഴും. അതുകൊണ്ടുതന്നെ ദയ്യു വല്ലാത്ത തിരക്കിലാണിപ്പോള്‍ പൂത്തനെല്ലുകളത്രയും നഷ്ടമാവാതെ ശേഖരിക്കുവാനാണ് അവരുടെ പരിശ്രമം.
ആന്ദ്രയില്‍ ലോറി സമരമാണെന്നുപറഞ്ഞാല്‍ ഇനി ദയ്യു കുലുങ്ങില്ല. കനത്തമഴയില്‍ തമിഴ്‌നാട്ടിലെ നെല്‍പ്പാടം നശിച്ചുവെന്നുപറഞ്ഞാലും അവര്‍ കേട്ടഭാവം നടിക്കില്ല. അതെ, ഒരു വര്‍ഷത്തേക്കുള്ള അരികളത്രയും പ്രകൃതി സമ്മാനിച്ചുകഴിഞ്ഞു. ഇനി ഈ പഞ്ഞമാസത്തിലും അവര്‍ക്ക് സമൃതിയുടെ കാലമാണ്.

No comments:

Post a Comment