Wednesday, October 5, 2011

കാലം മാറി കഥമാറി പെണ്‍കുട്ടികള്‍ കാലന്‍കുടക്കുള്ളിലാണിപ്പോള്‍...


എബി കുട്ടിയാനം
കാലന്‍കുടകള്‍ വയസന്മാരുടെ സിംബലായിരുന്ന കാലംപോയി. കാല് വളഞ്ഞ് നീണ്ടുനിവര്‍ന്ന ഭീമന്‍കുടകള്‍ ഇപ്പോള്‍ കേളജ് കുമാരിമാരുടെ ട്രന്റാണ്. മോഡണിസത്തിനു മോഡികൂട്ടാന്‍ അവര്‍ കാലന്‍കുട ചൂടിയാണിപ്പോള്‍ കോളജിലേക്ക് പോകുന്നത്.
പത്തു പതിനഞ്ചുവര്‍ഷംമുമ്പുവരെ പ്രായമായവര്‍ മാത്രം ഉപയോഗിച്ചിരുന്ന കാലന്‍കുടയെ അടുത്തകാലം മുതലാണ് യുവാക്കള്‍ ഫാഷനായി ഏറ്റെടുത്തത്. യുവത്വത്തിന്റെ ആകാരഭംഗിക്ക് അത് അഴക് പകര്‍ന്നപ്പോഴും ബാഗില്‍ സൂക്ഷിക്കാന്‍ പറ്റുന്ന നാനോ കുടകളോടായിരുന്നു പെണ്‍കുട്ടികള്‍ക്ക് പ്രിയം. എന്നാലിന്ന് യുവാക്കളെ വെല്ലുംവിധം യുവതികള്‍ കാലന്‍കുടകളുടെ ഉപഭോക്താക്കളായി മാറിയിരിക്കുന്നു. വലിയ കുടകള്‍ ചൂടി കൂട്ടമായി നീങ്ങുന്ന വിദ്യാര്‍ത്ഥിനികള്‍ കാമ്പസ് വഴിയിലെ നിത്യകാഴ്ചകളാണിപ്പോള്‍.
കാലന്‍ കുട ഫാഷനോടൊപ്പം ഇന്നത്തെ സാഹചര്യത്തില്‍ സുരക്ഷ ഉപകരണം കൂടിയാണെന്ന് ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. ആദ്യം കോളജിലെ ഒരു കുട്ടിമാത്രമായിരുന്നു ഈ പഴഞ്ചനായ മോഡേണ്‍ കുട ഉപയോഗിച്ചത് പിന്നെ എല്ലാവരും അത് പിന്തുടര്‍ന്നു, ഇപ്പോള്‍ ഏറെ ഇണങ്ങിചേര്‍ന്നതായും അവള്‍ സൂചിപ്പിച്ചു.
പെണ്‍കുട്ടികള്‍കൂടി കാലന്‍കുടയ്ക്കുപിറകിലായതോടെ ഇതിന്റെ വിപണനവും വന്‍തോതില്‍ വര്‍ദ്ധിച്ചു. ടൂഫോള്‍ഡ്, ത്രീഫോള്‍ഡ് കുടകളെ അപേക്ഷിച്ച് കാലന്‍കുടകളാണ് കൂടുതല്‍ വിറ്റുപോകുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങള്‍ക്കുമുമ്പ് ഓര്‍ഡര്‍ ചെയ്താല്‍ പോലും കമ്പനിയില്‍ നിന്ന് കുടലഭിക്കാന്‍ പ്രയാസമാണെന്നും അവര്‍ പറഞ്ഞു.
പ്രമുഖ കമ്പനികളുടെ കാലന്‍ കുടകള്‍ക്ക് മുന്നൂറ് രൂപമുതല്‍ ആയിരം രൂപവരെയാണ് വില. ചൂരല്‍, സ്റ്റീല്‍ വടികളാണ് ഇവയിലധികവും. ബഹുവര്‍ണ്ണ ചിത്രങ്ങളും കുടയെ മനോഹരമാക്കുന്നു. ചൈനീസ് ഇറക്കുമതിയായ ഫാന്‍സി ഇനവും കാലന്‍ കുടയിലെ വെറൈറ്റീസാണ്. ചൈനീസ് കുടകളും വന്‍തോതില്‍ വിറ്റുപോകുന്നു.  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാലന്‍ കുട വാങ്ങാനെത്തുന്നവരുടെ എണ്ണം ഏറെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന്  കുട വ്യാപാരിയായ ഹമീദ് പറഞ്ഞു.
പോയ തലമുറകളെ പഴഞ്ചനെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോഴും ഇന്നിന്റെ യുവത്വം അവരുടെ മഹത്വത്തെ മൗനമായി ആംഗീകരിക്കുകയാണെന്ന് കാലന്‍ കുട ചൂടി നടന്നുപോകുന്ന പെണ്‍കുട്ടികള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫോട്ടോ കാപ്ഷന്‍:
കാലന്‍ കുട ചൂടി നടന്നുപോകുന്ന വിദ്യാര്‍ത്ഥിനികള്‍, കാസര്‍കോട്ടുനിന്നുള്ള കാഴ്ച.

No comments:

Post a Comment