യുവത്വം മരണത്തിലേക്ക് ബൈക്കോട്ടുന്നു....
എബി കുട്ടിയാനം
ഓരോ മരണവും തീരാത്ത നൊമ്പരവും നികത്താനാവാത്ത നഷ്ടവുമാണ്. ഉറ്റവരുടെ വേര്‍പ്പാട് നമ്മെ വല്ലാതെ തളര്‍ത്തികളയും. എല്ലാം പ്രപഞ്ച സത്യമാണെന്ന് ഉള്‍ക്കൊള്ളാന്‍ സാഹചര്യം ആവശ്യപ്പെടുമ്പോഴും ഹൃദയത്തിന് തേങ്ങിതേങ്ങി കരയേണ്ടിവരും.
പപ്പ, മമ്മ, കുഞ്ഞനുജന്‍, പൊന്നുപെങ്ങള്‍...ആരുടേതായാലും ഒരു മരണവും ഉള്‍ക്കൊള്ളാന്‍ മനസ്സിന് കഴിയില്ല ഒരിക്കലും. ജീവിച്ച് തുടങ്ങുന്നതിനുമുമ്പ് വേണ്ടപ്പെട്ടൊരാള്‍ മരണത്തിലേക്ക് നടന്നപോകുന്നത് കാണേണ്ടിവന്നാല്‍ അത് കണ്‍മുന്നിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും.
ചില മരണങ്ങള്‍ കുടുംബത്തിന്റെതുമാത്രമല്ല നാടിന്റെ തന്നെ കണ്ണീരായി മാറും. അത് ഇളം പ്രായത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീന്റെ മകന്‍ ഹയാസുദ്ദിന്റെ മരണം അങ്ങനെയൊരു വേദനയാണ് ഒരുപാട് മനസ്സുകളിലേക്ക് ഇട്ടുകൊടുത്തത്. ബാറ്റ്‌കൊണ്ട് കവിത എഴുതിയിരുന്ന പിതാവിന്റെ മകനെ രാജ്യം ഒരുപാട് പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്. പറഞ്ഞിട്ടെന്ത് ഒരു നിമിഷത്തെ അബദ്ധത്തില്‍ എല്ലാം തീര്‍ന്നു.
ബൈക്ക് എന്ന ലഹരിയാണ് അയാസുദ്ദീന്റെ ജീവന്‍ കവര്‍ന്നത് എന്ന വസ്തുത യുവത്വത്തിനുമുന്നില്‍ വലിയ പാഠപുസ്തകമാണ് തുറന്നുവെക്കുന്നത്.
ബൈക്ക് എന്ന സംവിധാനത്തെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ കഴിയില്ല. ഇരുപതിലധിലുമപ്പുറം മൈലേജ് ലഭിക്കാത്ത വലിയ വാഹനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നല്പതുമുതല്‍ 65വരെ മൈലേജ് ലഭിക്കുന്ന മോട്ടോര്‍ സൈക്കിളെന്ന കൊച്ചുവാഹനം വലിയ അനുഗ്രഹം തന്നെയാണ്. പക്ഷെ, അതിനുമുകളില്‍ കയറിയിരിക്കുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ സ്വയം മറന്നുപോകുന്നുവെന്നതാണ് ഖേദകരം. ആക്‌സിലേറ്ററില്‍ കൈഅമര്‍ത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും മിടുക്കനായ പയ്യന്‍ ഞാനാണെന്ന തോന്നലാണ് നമുക്ക്. അതിന്റെ വേഗത ഏറുംതോറും ഉള്ളിലെ ഗമയും ഏറിവരും. പിന്നെ ഒരു പാച്ചിലാണ,് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള പാച്ചില്‍...
വേഗതയില്‍ ബൈക്കോട്ടുമ്പോള്‍ നമ്മുടെ വിചാരം ഈ ലോകം തന്നെ നമ്മെ ശ്രദ്ധിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ എല്ലാവരും സഹതാപത്തോടെയും ആശങ്കയോടെയും കൂടിയാണ് നമ്മെ വീക്ഷിക്കുന്നതെന്ന സത്യം നാം മറക്കുന്നു. ആരെയും ഗൗനിക്കാതെ ആരെയും അനുസരിക്കാതെയുള്ള പറപ്പിക്കല്‍ എവിടെയൊക്കയോ കൂട്ടിമുട്ടി അവസാനിക്കുന്നു. അങ്ങനെ എത്രയെത്ര അപകടങ്ങള്‍ക്കാണ് നാം നിത്യവും സാക്ഷിയാകുന്നത്. ഇത്തിരിവേഗതകൂട്ടി ഓടിച്ചാല്‍ പോലും ഒരിക്കലും ഒരുപാട് നേരത്തെ എത്തിച്ചേരുന്നില്ല എന്നിട്ടും തിരക്ക് അഭിനയിച്ച് ആളുകളെ വിസ്മയിപ്പിക്കാന്‍ ശ്രമിക്കുന്നു.
അക്കാദമിക്കലായി ഒരു പുസ്തകത്തിലുമില്ലാത്ത ഒരു സാമ്പത്തിക പോളിസി കാരണവന്മാര്‍ പറഞ്ഞുതരാറുണ്ട്. അത് ഇങ്ങനെയാണ്. ഒരുപാട് പണം സമ്പാദിക്കുന്നവനല്ല മിടുക്കന്‍, അതിനെ സൂക്ഷിച്ചുകൈകാര്യം ചെയ്യുന്നവനാണ് മിടുക്കന്‍. അതുപോലെയാണ് ബൈക്കിന്റെ കാര്യവും കണ്ണടച്ച് ഓടിക്കലല്ല അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ് മിടുക്ക്. എക്‌സ്‌പേര്‍ട്ട് എന്ന പ്രയോഗം ഡ്രൈവിംഗിലില്ല, പ്രത്യേകിച്ചു ബൈക്ക് റൈസില്‍. അവിചാരിതമായി ഒരു പട്ടികുറുകെ ചാടിയാല്‍ നടുറോഡില്‍ ചിന്നിചിതറുന്ന മിടുക്കുമാത്രമാണ് നമ്മുടേത്, ചെറിയൊരു കല്ലുതട്ടിയാല്‍ മതി അഹങ്കാരത്തിന്റെ കൂളിംഗ് ഗ്ലാസിനൊപ്പം താറിട്ട റോഡില്‍ തലപിളര്‍ന്ന് മലക്കം മറിയും. ഇരുചക്രവാഹനം എന്നതുംതന്നെ ദൈവത്തിന്റെ ഒരു വിസ്മയമാണ്. രണ്ടും മൂന്നും പേരെ ലോഡ് ചെയ്ത് രണ്ട് ടയറുകള്‍ക്കെങ്ങനെ ബാലന്‍സ് ചെയ്യാന്‍ പറ്റുന്നുവെന്നത് ഒരുപാട് വട്ടം ഹൃദയത്തോട് ചോദിക്കേണ്ട ചോദ്യമാണ്.
അശ്രദ്ധയും അഹങ്കാരവും കൊണ്ട് എത്രയെത്ര ചെറുപ്പക്കാരാണ് പെരുവഴിയില്‍ മരിച്ചുവീഴുന്നത്. നാളെ നാടിന്റെ നായകരാവേണ്ട ചുണകുട്ടന്മാര്‍ ജീവിക്കാന്‍ തുടങ്ങുംമുമ്പേ യാത്രയാകുമ്പോള്‍ നിമിഷനേരത്തെ കണ്ണീരിനൊപ്പുറം അതൊരു പാഠമേയാകുന്നില്ല.
എല്ലാം പഠിക്കേണ്ട സമയത്ത് പഠിക്കണം. പ്രായമേറെയാകുമ്പോള്‍ ജീവിതപ്രാരാബ്ദം തലക്കുപിടിക്കുന്ന കാലത്ത് ആര്‍ക്കും ബൈക്ക് പഠിച്ചെടുക്കാനാവില്ല. അത് 15നും 25നും ഇടയില്‍ തന്നെ അഭ്യസിക്കേണ്ട ഒന്നാണ്. മാത്രവുമല്ല ഇപ്പോള്‍ ഏതൊരു ജോലിക്കു കയറുമ്പോഴും അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ ആദ്യം അധികൃതര്‍ ചോദിക്കുന്നത് ടൂ വീലര്‍ ലൈസന്‍സ് ഉണ്ടോ എന്നാണ്. അതുകൊണ്ടുതന്നെ ഇരുചക്രവാഹനങ്ങളെ അകറ്റിനിര്‍ത്താനാവില്ല. എന്നാല്‍ മക്കളുടെ ബൈക്ക് ഭ്രമത്തിനു നേരെ രക്ഷിതാക്കള്‍ വല്ലാത്ത ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു. ബൈക്ക് കയ്യില്‍ കിട്ടുമ്പോള്‍ വലിയ അഭ്യാസികളാകുന്ന മക്കള്‍ക്കുമുന്നില്‍ കര്‍ക്കഷക്കാരനായ മാതാവും പിതാവുമാകണം. 95ശതമാനം മാര്‍ക്കോടെ പാസായാലും അവര്‍ക്ക് ബൈക്ക് സമ്മാനമായി നല്‍കരുത്. പ്രായമേറുന്ന കാലത്ത് പൊന്നുപോലെ നോക്കേണ്ട മക്കളെ നിങ്ങളെന്തിന് അകാലത്തില്‍ മരണത്തിലേക്ക് പറഞ്ഞയക്കണം. വാടകയ്ക്ക് വണ്ടിയെടുത്ത് ലൈസന്‍സുപോലുമില്ലാതെ റോഡിലൂടെ ഓടാന്‍ ഒരിക്കലും കുട്ടികളെ അനുവദിക്കരുത്.
ഇ.എസ്.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും കാണുന്ന ബൈക്ക് റൈസ് യുവത്വത്തെ ഹരം കൊള്ളിക്കുന്നുണ്ടാകും. എന്നാല്‍ നമ്മുടെ ഈ കുണ്ടും കുഴിയുമുള്ള റോഡിലൂടെ അങ്ങനെ ഓട്ടാന്‍ ശ്രമിച്ചാല്‍ എന്താകും അവസ്ഥ(?) ചിന്തിച്ചുകൂടെ(?)
അസ്ഹറിന്റെ മകന്‍ ബൈക്കപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ ഫേസ് ബുക്കില്‍ ഒരു കൂട്ടുകാരന്റെ കമാന്റ് അസ്ഹറിന്റെ മകന്‍ മരിക്കുമ്പോള്‍ അത് വാര്‍ത്തയാണല്ലെ...ആയിരിക്കാം. പക്ഷെ, അതൊരു പാഠം കൂടിയാണെന്ന് ആ കൂട്ടുകാരന്‍ തിരിച്ചറിഞ്ഞില്ല. അശ്രദ്ധയും അഭിനിവേശവുമേറിയ അനേകായിരം കൗമാരക്കാരുടെ പ്രതിനിധിയായിരുന്നു അയാസുദ്ദീന്‍.
പിതാവിനെപോലെ മിതഭാഷിയും സൗമ്യശീലനുമായ അയാസുദ്ദീന്‍ കൗമാരത്തിലെത്തിയതോടെയാണ് ബൈക്കുകളോട് കമ്പം കയറിയത്. പപ്പയെ അതികമൊന്നും ബുദ്ധിമുട്ടിക്കാത്ത മകന്‍ 13 ലക്ഷം രൂപ വിലയുള്ള സുസുക്കിയുടെ 1000സിസി ഫോര്‍ സ്‌ട്രോക്ക് ബൈക്ക് ആവശ്യപ്പെട്ടപ്പോള്‍ അത് മരണത്തിലേക്കുള്ള ചാവിയാകുമെന്ന് അസ്ഹര്‍ കരുതിയിട്ടുണ്ടാകില്ല. ക്രിക്കറ്റിനൊപ്പം ബൈക്കു റൈസും ഇഷ്ടപ്പെട്ട അയാസിന് കസിനായ അജ്മലായിരുന്നു കൂട്ട്. തലേന്ന് രാത്രി ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്തി സമയമുറപ്പിച്ചാണ് ഇരുവരും അതിരാവിലെ റൈസിങ്ങിനിറങ്ങിയത്.
ബൈക്ക് ഗതാഗതം നിരോധിച്ച ഔട്ടര്‍ റിങ്ങ് റോഡിലായിരുന്നു റൈസിങ്ങ്. നരസിങ്കി പൊലീസ് സ്റ്റേഷനുകീഴിലെ പുപ്പാലും ഗുഡയിലൂടെ കടന്നുപോകുമ്പോള്‍ ബൈക്ക് ഡിവൈഡറിലടിച്ച് തകര്‍ന്നു പിന്നെയെല്ലാം കണ്ണീരിന്റെ കഥ മാത്രം.
മരണത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. അത് സംഭവിച്ചില്ലായിരുന്നുവെങ്കിലെന്ന വിലയിരുത്തല്‍പോലും ദൈവവിധിക്ക് എതിരാണ്. പക്ഷെ, സ്വയം സൂക്ഷിക്കണമെന്ന് ദൈവം തന്നെ പഠിപ്പിക്കുന്നുണ്ടെന്ന കാര്യം നാം ഓര്‍ക്കണം.
ബൈക്കും വാഹനവും ഒരിക്കലും ഷൈനിങ്ങിനുള്ള ഉപകരണമായി ഉപയോഗിക്കരുത്. നാലാളുടെ മുന്നില്‍ താരമാവാന്‍ നമുക്ക് എന്തൊക്കെയോ കഴിവുകള്‍ ദൈവം നല്‍കിയിട്ടുണ്ട്, എന്നിട്ടും അതിനെ വളര്‍ത്താതെ എന്തിനാണ് തിരിച്ചറിയപ്പെടാത്ത മൃതദേഹമായി മാറാന്‍ നടുറോഡിലൂടെ ചീറിപായുന്നത്.
പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളൊരിക്കലും മക്കളെ ചാവി കൊടുത്ത് കയറൂരി വിടരുത്....കാണുന്നില്ലെ ഒരുപാടൊരുപാട് ചോരകളങ്ങള്‍....
No comments:
Post a Comment