എബി കുട്ടിയാനം
കാസര്‍കോട്: മുളിയാര്‍ ബാവിക്കരയിലെ പക്കിരിക്കുമുന്നില്‍ വാര്‍ദ്ധക്ക്യം തോല്‍ക്കുന്നു. പ്രായം നൂറുകവിഞ്ഞിട്ടും പക്കിരിയുടെ കരവിരുതിന് തടസ്സം നില്‍ക്കാന്‍ പ്രായാധിക്യത്തിന് സാധിച്ചിട്ടില്ല. നൂറിന്റെ ആലസ്യതയില്ലാതെ യുവത്വത്തിന്റെ ചുറുചുറുക്കോടെ പക്കിരി ഇപ്പോഴും കൂട്ടയും പായയും മെടഞ്ഞെടുക്കുന്നു.
പാരമ്പര്യമായി പായകളും കൂട്ടകളുംമെടഞ്ഞ് ജീവിക്കുന്ന പക്കിരി അറിവുവെച്ചനാള്‍ തൊട്ട് തുടങ്ങിയ ജോലിയാണിത്. അതിനിടയില്‍ എത്രയോ സുന്ദരപായകളും കൂട്ടകളും മെടഞ്ഞെടുത്തു. പ്രായമേറിയിട്ടും പക്കിരിയുടെ കരവിരുതിന്റെ അഴക് ചോര്‍ന്നുപോയിട്ടില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ഓലപായകളും മുളകൊണ്ട് നിര്‍മ്മിക്കുന്ന കൂട്ടകളും അപൂര്‍വ്വവസ്തുക്കളാകുമ്പോഴും പക്കിരിയുടെ വീട്ടില്‍ അത് സുലഭമാണ്. പായമെടയാനുള്ള മുണ്ടയുടെ ഇലകള്‍ നാട്ടില്‍ നിന്ന് നാമാവശേഷമാകുന്നു, പക്ഷെ, കിലോമീറ്ററുകള്‍ താണ്ടിയാണെങ്കിലും അയാള്‍ അത് സ്വന്തമാക്കും. മുണ്ടവശളരുന്ന സ്ഥലങ്ങളെല്ലാം പക്കിരിക്ക് മനപാഠമാണ്. മുമ്പ് കടകളിലും ചന്തകളിലും ധാരാളം പായകള്‍ വിറ്റിരുന്നു. എന്നാലിന്ന് അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്ഷാമമായതോടെ ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കാറില്ല, ആവശ്യക്കാര്‍ വീട്ടിലെത്തും. പണ്ടുകാലങ്ങളില്‍ മുപ്പതും നാല്പതും രൂപയ്ക്ക് വിറ്റ പായകള്‍ക്ക് ഇപ്പോള്‍ ഇരുന്നൂറ് രൂപയിലധികം വിലയുണ്ട്. എങ്കിലും ആളുകള്‍ക്ക് പക്കിരിയുടെ പായയോട് വല്ലാത്ത ഇഷ്ടമാണ്.
പായയൊടൊപ്പം തന്നെ മുളകൊണ്ടുള്ള കൂട്ടകളും മെടഞ്ഞെടുക്കും. ഈ ജോലികള്‍ പക്കിരിക്ക് ഒരു തപസാണ്. ആഴ്ചകളോളം വെള്ളത്തില്‍ കുതിര്‍ത്ത് പദംവരുത്തിയ ശേഷമാണ് കുടമെടയാനുള്ള പരുഭവത്തിലാക്കുന്നത്. എന്തായാലും പക്കിരിക്കിത് ഒരഭിനിവേഷം തന്നെയാണ്.
കഠിനാദ്ധ്വാനവും ദീര്‍ഘദൂര നടത്തവുമാണ് ആരോഗ്യരഹസ്യമെന്ന് പക്കിരി പറയും. മരിക്കുവോളം കൂട്ടയും പായയും മെനഞ്ഞെടുക്കണമെന്നാണ് ആഗ്രമെന്നു പറയുന്ന ഈ വല്ല്യച്ചന്‍ മഴക്കാലത്തും കൂട്ടമെടയാനുള്ള അസംസ്‌കൃത വസ്തുതേടി കാടുകളില്‍ അലയുകയാണ്.

No comments:
Post a Comment