Sunday, October 9, 2011

ഒരു തെങ്ങുകയറ്റ തൊഴിലാളിയുടെ വന്‍ വീഴ്ച്ചകള്‍


എബി കുട്ടിയാനം
മുളിയാര്‍ ബാവിക്കര പ്രദേശത്ത് പുലരിക്കുമുമ്പേ ഉറക്കമുണരുന്നവര്‍ കണികാണുന്നത് തെങ്ങുകയറ്റ തൊഴിലാളി കണ്ണേട്ടനെയായിരിക്കും. നേരം വെളുക്കുംമുമ്പേ അയാള്‍ തോട്ടിയും തളയുമെടുത്ത് വീടുവിട്ടിരിക്കും.
ഏറെ വൈകിയുണരുന്ന മടിയന്മാരായ ചെറുപ്പക്കാരും ഇതേ കണ്ണേട്ടനെതന്നെ കണികാണും.ക്ലോക്കില്‍ സമയം ഒമ്പത് മണി ആകുമ്പോഴേക്കും ഒരു ദിവസത്തെ പണിതീര്‍ത്ത് കണ്ണേട്ടന്‍ മടങ്ങുകയാകുമപ്പോള്‍.
കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെ കാലമായി തെങ്ങിന്റെ ഭാഷയും ശ്വാസവുമറിഞ്ഞ് ജീവിക്കുന്ന കണ്ണേട്ടന്‍ ഒരു പ്രദേശത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ്. നട്ടുവളര്‍ത്തിയ തെങ്ങിലെ തേങ്ങവിളവെത്തിയാല്‍ പിന്നെ ഓരോരുത്തരും കണ്ണേട്ടനെ കാത്തിരിക്കാന്‍ തുടങ്ങും ഒരു തെങ്ങോളം പ്രതീക്ഷയോടെ. ജോലിയുടെ തിരക്കില്‍ ഇത്തിരിവൈകിപ്പോയാലും ഏറ്റ വാക്കിന്റെ വിശ്വാസം കാത്ത് അയാള്‍ എത്താതിരിക്കില്ല. ഈ രംഗത്ത് അനേകം തൊഴിലാളികളുണ്ടെങ്കിലും ഇപ്പോഴും അധികമാളുകളും കണ്ണേട്ടന്റെ സാനിധ്യം കൊതിക്കുന്നു. അതുകൊണ്ടുതന്നെ കാലമേറെ കഴിഞ്ഞിട്ടും മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തിലും ജില്ലയുടെ പലഭാഗങ്ങളിലും എത്രയോ തെങ്ങിന്‍ തോപ്പുകളുടെ പ്രിയകൂട്ടുകാരനാണ് കണ്ണേട്ടനിപ്പോഴും.
കാലിലും കയ്യിലും തളയിട്ട് തേങ്ങ ലക്ഷ്യമാക്കി തെങ്ങിന്‍ മുകളിലേക്ക് ചുവടുവെക്കുമ്പോള്‍ ഞാന്‍ തികച്ചും മറ്റൊരു ലോകത്താവും...ജീവിതത്തിന്റെ കഷ്ടതയും പ്രകൃതിയുടെ വശ്യതയും ഒരുമിച്ചറിയുന്ന നിമിഷമാണത്. തെങ്ങുമായുള്ള ആത്മബന്ധത്തിന്റെ കഥപറയാന്‍ തുടങ്ങുമ്പോള്‍ ബാവിക്കര അക്കരയിലെ കണ്ണനെന്ന അറുപതുകാരന്‍ വികാരഭരിതനാകുന്നു.
ജീവിതത്തിന്റെ ഭാരവുംപേറി ആകാശത്തോളമുള്ള തെങ്ങിലേക്ക് കുതിച്ചുകയറുന്ന ഓരോരുത്തര്‍ക്കും ഇത്തിര ആശ്ചര്യം നിറഞ്ഞ ഒരുപാട് കഥകളുണ്ടാകും പങ്കുവെക്കാന്‍. ..അതിന്റെ ഏറ്റവും ഉയരത്തിലെത്തിയ നേരത്ത് വന്നെത്തിയ കൊടുങ്കാറ്റ് മരണത്തിന്റെ മണിയൊച്ചയോടെ തെങ്ങിനെ പിടിച്ചുകുലുക്കിയത്....കൊന്നുകളയുമെന്ന വാശിയോടെ കടന്നല്‍കൂട്ടം വന്നുപൊതിഞ്ഞത്...നിനക്കെന്തിവിടെ കാര്യമെന്നമട്ടില്‍ പാമ്പ് പത്തിവിടര്‍ത്തി പാഞ്ഞടുത്തത്....അങ്ങനെ...അങ്ങനെ....മരണത്തെ കയ്യെത്തും ദൂരത്ത് കണ്ടുപോയ നിമിഷങ്ങള്‍...
എന്നാല്‍ കണ്ണേട്ടന്റെ ജീവിതാനുഭവം ഇതിനുമെത്രയോ അപ്പുറത്താണ്...അറിവുവെച്ചനാള്‍മുതലേ തുടങ്ങിയ തന്റെ തൊഴിലില്‍ കണ്ണേട്ടന്‍ മരണത്തെ മുഖാ മുഖം കാണുകയായിരുന്നില്ല, മറിച്ച് ഒരു പരിധിവരെയെങ്കിലും അതിന്റെ രുചി അറിയുകയായിരുന്നു ഒരിക്കലല്ല, ഒരുപാടുവട്ടം...
ആ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ കണ്ണേട്ടന്റെ സ്വരമിടറും, കണ്ണില്‍ ഭീതി നിറയും...
1977ലായിരുന്നു അത്. പതിവുപോലെതന്നെ അതിരാവിലെ എഴുന്നേറ്റ് വീട്ടിനടുത്തുള്ള പറമ്പിലേക്ക് തേങ്ങ അറുക്കാന്‍ പോയതായിരുന്നു. ഏകദേശം അറുത്തുതീര്‍ത്ത് ഒടുവിലെപ്പെഴോ ഒരു കൂറ്റന്‍ തെങ്ങില്‍ കയറിയതെ ഓര്‍മ്മയുള്ളു...പിന്നീട് അറിയുന്നത് പത്തുദിവസത്തിന് ശേഷമാണ്...ശരീരത്തിന്റെ ഒരു ഭാഗം തന്നെ തകര്‍ന്ന് ഒന്ന് അനങ്ങാന്‍പോലുമാകാതെ ആസ്പത്രികിടക്കയിലായിരുന്നു അപ്പോള്‍...
പ്രതീക്ഷയുടെ എല്ലാ വഴികളും അടഞ്ഞെന്നുകരുതിയ നിമിഷം...ഇനി ഒരിക്കലും പഴയ തൊഴിലിലേക്ക് മടങ്ങിവരാനാവില്ലെന്ന് കണക്കുകൂട്ടി കണ്ണീര്‍വാര്‍ത്തു....ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തുവന്നിട്ടും ഭേദമില്ലാത്ത വേദനകള്‍. വീട്ടില്‍ എത്രയോ ദിവസങ്ങള്‍ ഇരുന്നും കിടന്നും മടുക്കുമ്പോള്‍ പരസഹായത്തോടെ വീട്ടുമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഓരോ രാവുപകലും തള്ളിനീക്കി...
ഇതിനിടയില്‍ എത്രയോ പണം ചികിത്സക്കായി ചിലവായി. എല്ലാം കഴിഞ്ഞുവെന്നുകരുതിയിട്ടും തെങ്ങിനേയും പ്രകൃതിയേയും അമ്മയെപോലെ സ്‌നേഹിച്ച എന്ന കയ്യൊഴിയാന്‍ ദൈവത്തിന് മനസ്സുവന്നില്ലെന്നുവേണം കരുതാന്‍. ഒരുപാട് കഷ്ടതയനുഭവിച്ച ശേഷമാണെങ്കിലും മെല്ലെമെല്ലെ ആരോഗ്യം വീണ്ടുകിട്ടിയപ്പോള്‍ പിന്നെ വീണ്ടും പ്രതീക്ഷയുടെ ഉയരങ്ങളിലേക്ക് ചുവടുവെക്കാന്‍ തുടങ്ങി. ഒരപകടത്തിനൊടുവില്‍ വീണ്ടും ആ തൊഴില്‍  വേണ്ടെന്ന് പലരും പറഞ്ഞെങ്കിലും കണ്ണേട്ടന് തെങ്ങിനെ ഉപേക്ഷിക്കാന്‍ ആവുമായിരുന്നില്ല. ഇളം കാറ്റ് സമ്മാനിക്കുന്ന ഓലയും തേങ്ങയുടെ മണവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയെന്ന് അദ്ദേഹം പറയും.
അങ്ങനെ വീണ്ടും പഴയ ചുറുചുറുക്കുള്ള തൊഴിലാളിയായി തുള്ളിച്ചാടി നടക്കുന്നതിനിടയില്‍ മൂന്നുവര്‍ഷത്തിനുശേഷം വീണ്ടുമൊരു ദുരന്തം. അനുഭവിച്ച ദുരന്തത്തേക്കാള്‍ ഭീകരമായിരുന്നു അത്.
ബാവിക്കരയിലെ ഒരു സ്വകാര്യവ്യക്തിയുടെ നൂറടിയോളം ഉയരമുള്ള തെങ്ങില്‍ നിന്ന് തേങ്ങ അറുത്തുകൊണ്ടിരിക്കേ ഒരു ഉറുമ്പിന്റെ കടിയേറ്റതും മെല്ലെ പിടിവിട്ടുപോയതും അടിയില്‍ വലിയ പാറകൂട്ടത്തില്‍ തലയിടിച്ചവീണതും മാത്രമേ ഓര്‍മ്മയിലുള്ളു. ശരീരത്തിന്റെ പലഭാഗങ്ങളിലും മാരകമായി ക്ഷതമേറ്റ് എല്ലാം തകര്‍ന്നുപോയ അവസ്ഥ. പിന്നെ വീണ്ടു മരുന്നുമണക്കുന്ന ആസ്പത്രി കിടക്കയും നിറങ്ങള്‍ മാഞ്ഞ മനസ്സുമായി എത്രയോ മാസങ്ങള്‍.
തെങ്ങ് ചതിക്കില്ല, തേങ്ങ ചതിക്കില്ല എന്ന പല്ലവി തെങ്ങിന്റെ പ്രിയകൂട്ടുകാരനുമുന്നില്‍ പലവട്ടം തെറ്റി. എന്നിട്ടും കണ്ണേട്ടന് തെങ്ങ് എന്ന് പറഞ്ഞാല്‍ ജീവനായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ കാസര്‍കോട് ഗവ.ആസ്പത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടക്കുമ്പോള്‍ പുറത്ത് ആടികളിക്കുന്ന തെങ്ങിനെ ആവേശപൂര്‍വ്വം നോക്കും. അത്രമേല്‍ ഇഷ്ടമാണയാള്‍ക്ക് ആ വൃക്ഷത്തെ.
ഒന്നല്ല രണ്ടുതവണ ദുരന്തം പിടിച്ചുവലിച്ചിട്ടിട്ടും വിധിയോട് തോല്‍ക്കാന്‍ അദ്ധ്വാനം മാത്രം ശീലിച്ച ഈ മനുഷ്യന് മനസ്സുണ്ടായിരുന്നില്ല....കൈകാലുകള്‍ വീണ്ടും ആരോഗ്യത്തിന്റെ ഊര്‍ജ്ജസ്വലത കാണിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരേയും അല്‍ഭുതപ്പെടുത്തികൊണ്ട് അദ്ദേഹം വീണ്ടും പണിക്കിറങ്ങി. നാട്ടുകാരുടെ പ്രിയപ്പെട്ട കണ്ണേട്ടനാവാന്‍ അയാള്‍ക്ക് അധികനാള് വേണ്ടിവന്നില്ല. അങ്ങനെ ഓരോ തെങ്ങും തേങ്ങയും വീണ്ടും കണ്ണേട്ടന്റെ സാന്ത്വന സ്പര്‍ശമറിയാന്‍ തുടങ്ങി.
കാലത്തിന്റെ കലണ്ടറില്‍ വര്‍ഷങ്ങള്‍ വീണ്ടും കൊഴിഞ്ഞുവീണു...ആയുസ്സിന്റെ പുസ്തകത്തില്‍ വയസ് ഓരോന്നായി രേഖപ്പെടുത്തുമ്പോഴും നാട്ടുകാരുടെ കണ്ണേട്ടന് യുവത്വത്തിന്റെ പ്രസരിപ്പുമാത്രമായിരുന്നു. തെങ്ങിന്‍മുകളില്‍ നിന്ന് തെങ്ങിന്‍മുകളിലേക്കയാള്‍ പാറിപാറി നടന്നു. .
ആശ്ചര്യമെന്നുപറയട്ടെ ദുരന്തം വീണ്ടും അദ്ദേഹത്തിനുവേണ്ടി കെണി ഒരുക്കിവെച്ചിരിക്കുകയായിരുന്നു. തെങ്ങിനുപകരം ഇത്തവണ പ്ലാവായിരുന്നു വില്ലന്‍...1999ലായിരുന്നു മൂന്നാമത്തെ ദുരന്തം. വ്യക്തമായി പറഞ്ഞാല്‍ വിധി ഒരിക്കല്‍ കൂടി തോറ്റുമടങ്ങി 19 വര്‍ഷം കഴിഞ്ഞതിനുശേഷം.
ബേപ്പില്‍ ഒരു പ്ലാവിന്റെ ശിഖരം വെട്ടിമാറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുറുകെ പിടിച്ചോ എന്ന് താഴെ നിന്ന് ആരോ വിളിച്ചുപറഞ്ഞു. കണ്ണേട്ടന് പിന്നെ ഒന്നും ഓര്‍മ്മയില്ല...ദിവസങ്ങള്‍ക്കുശേഷം ബോധം തിരിച്ചുകിട്ടുമ്പോള്‍ ആസ്പത്രി കിടക്കയിലായിരുന്നു.
കഴിഞ്ഞ രണ്ട് അപകടത്തേക്കാള്‍ ബുദ്ധിമുട്ടിച്ചു ഇത്...രണ്ടു കൈകളും പൂര്‍ണ്ണമായി ഒടിഞ്ഞു, മറ്റുപലഭാഗങ്ങളിലും മാരകമായ മുറിവുകളും ക്ഷതങ്ങളും...വിധിയുടെ ക്രൂരമായ വികൃതി...ഒരു വര്‍ഷത്തോളമാണ് ആസ്പത്രിയില്‍ കഴിയേണ്ടി വന്നത്. അവിടുത്തെ ചിലവ് താങ്ങാന്‍ കഴിയാത്തതുകൊണ്ടുമാത്രം ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ വന്നു. ശരീരം അനക്കാനാവാത്ത അസഹനീയമായ അവസ്ഥയില്‍ വീട്ടില്‍ തള്ളിനീക്കിയ നിമിഷങ്ങള്‍ ജീവിതത്തില്‍ ഏറ്റവും ബോറടിച്ച ഒന്നായിരുന്നുവെന്ന് കണ്ണേട്ടന്‍ പറയുന്നു.
മരിച്ചുജീവിക്കുന്നതിനേക്കാള്‍ ഭേദം മരണം തന്നെയായിരുന്നുവെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
കണ്ണേട്ടന്‍ പറയുന്നു, ദ ആ പുഴ കണ്ടില്ലെ അതില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലുമായേനെ..രാവും പകലുമെല്ലാം പുഴകടവില്‍പോയിരുന്ന് അതിന്റെ പാട്ടുകേട്ട് അതിന്റെ കുസൃതികണ്ട് അങ്ങനെ അങ്ങനെ ദിവസങ്ങള്‍ എണ്ണി തീര്‍ത്തു....അവിടെ പോയിരിക്കുമ്പോള്‍ മനോഹരമായി വിടര്‍ന്നുനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളെയും അതിന്റെ ആടി കളിക്കുന്ന ഓലകളേയും കാണാം...ഒന്നുമില്ലാതെ ശൂന്യമായിപ്പോയ ഒരു മനസ്സിന് അതൊക്കെ ധാരാളമായിരുന്നു.
കൂറ്റന്‍ പ്ലാവില്‍ നിന്നുള്ള മാരകമായ വീഴ്ച ഇത്തവണയെങ്കിലും കണ്ണേട്ടന്റെ കരിയറിനെ ഇല്ലാതാക്കിയെന്ന് എല്ലാവരും ഉറപ്പിച്ചു. ഇനി ഒരു തിരിച്ചുവരവ് അയാള്‍ക്ക് സാധ്യമേയെല്ലെന്ന് പലരും അടക്കിപറഞ്ഞു. അതുകൊണ്ട്തന്നെ കണ്ണേട്ടന്റെ അഭവത്തില്‍ തങ്ങളുടെ പറമ്പില്‍ നിന്ന് തേങ്ങയും അടക്കയും പറിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ടവരെ പലരും സ്ഥിരമാക്കി. പക്ഷെ, കണ്ണേട്ടന്‍ മാത്രം പിമ്മാറാന്‍ തയാറായിരുന്നില്ല. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മവിശ്വാസവും ദൈവത്തിലുള്ള ദൃഡവിശ്വാസവുമായി രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും പഴയ പണിക്കിറങ്ങി. ഒന്നിനുപിറകെ ഒന്നായി അപകടം പിടികൂടിയിട്ടും കൂട്ടാക്കാത്ത ഈ മനുഷ്യനെ നോക്കി പലരും മൂക്കത്ത് വിരല്‍വെച്ചു, ഇയാള്‍ക്ക് ഇനിയെങ്കിലും മതിയാക്കികൂടെയെന്ന് പലരും അടക്കി പറഞ്ഞു.,,,പക്ഷെ, കണ്ണേട്ടനു ജീവിതമെന്നാല്‍ തെങ്ങാണ് അതുകഴിച്ചിട്ടേ മറ്റെന്തുമുള്ളു.
കളി എന്നോടുവേണ്ടെന്ന താക്കീതുമായി വിധിയെ വെല്ലുവിളിച്ച് ഒരിക്കല്‍ കൂടി തെങ്ങുകയറ്റതൊഴിലാളിയുടെ കാല്‍തള  കെട്ടിയപ്പോള്‍ തോല്‍പ്പിക്കണമെന്നവാശിയോടെ അപകടം പിന്നെയും വഴിയരികല്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. 2002 ജനുവരി രണ്ടിനായിരുന്നു അത്, ഒരു വെള്ളിയാഴ്ച ദിവസം. ഇത്തവണ വീണത് ബാവിക്കരയിലെ മറ്റൊരു കൂറ്റന്‍ തെങ്ങില്‍ നിന്നും...എല്ലാം പഴയതുപോലെ തന്നെ വീണ്ടും ആസ്പത്രിയും അവിടുത്തെ മരുന്നുകളും മാത്രം കൂട്ട്...
നാലാമത്തെ വീഴ്ചയുമെത്തിയപ്പോഴേക്കും കണ്ണേട്ടന്‍ എല്ലാം ശീലിച്ചിരുന്നു...പരാതിയോ പരിഭവമോ ഇല്ലാതെ ഇതെത്ര കണ്ടെതെന്ന ഭാവത്തിലായിരുന്നു അപ്പോള്‍ കണ്ണേട്ടന്റെ കിടപ്പ്...
അപകടവിവരമറിഞ്ഞ് പലരും ആസ്പത്രിയിലെത്തി...സുഖവിവരമന്വേഷിച്ചതിനപ്പുറം ഇനി വീണ്ടും പണിക്കിറങ്ങുന്നുണ്ടോ എന്ന് തമാശക്കായിട്ടാണെങ്കിലും ആരും ചോദിച്ചില്ല. കാരണം അവര്‍ക്കറിയാം തെങ്ങില്‍ കാലുറക്കുമെങ്കില്‍ അയാള്‍ ചുവടുവെക്കുമെന്ന്...ആര്‍ക്കും ഒന്നും തെറ്റിയില്ല...25ദിവസത്തെ ചികിത്സ കഴിഞ്ഞൊടുവില്‍ ഡിസ്ചാര്‍ജ്ജ് ചെയ്തതിന്റെ പിറ്റേദിവസം തന്നെ അയാള്‍ തെങ്ങുകയറാന്‍ തുടങ്ങി.
 മാരകമായ നാലു വീഴ്ചകള്‍ക്കുമപ്പുറം കൊച്ചുകൊച്ചു അപകടങ്ങള്‍ പിന്നെയുമുണ്ടായിട്ടുണ്ട്. ആസ്പത്രിയിലൊന്നും കിടക്കേണ്ടിവന്നിട്ടില്ലാത്തതുകൊണ്ട് ഞാന്‍ അതിനെ അത്രയൊന്നും കാര്യമാക്കുകയോ ഓര്‍ത്തുവെക്കുകയോ ചെയ്തിട്ടില്ല.
ദുരന്തങ്ങള്‍ എഴുതിവെച്ച ഡയറിമറിക്കുമ്പോള്‍ കണ്ണേട്ടന്റെ മുഖത്തും വാക്കിലുമെല്ലാം ആത്മവിശ്വാസത്തിന്റെ ആയിരം പുഴകളൊഴുകിവരുന്നു.
അപകടങ്ങള്‍ ഒരുപാട് കണ്ടിട്ടും മരണത്തിന്റെ മുഖമറിഞ്ഞിട്ടും ഒന്നിനോടും തോല്‍ക്കാതെ കണ്ണുരുട്ടി വരുന്ന ദുരന്തത്തോട് പോയ് പണിനോക്കാന്‍ പറഞ്ഞ കണ്ണേട്ടനോട് നിങ്ങള്‍ക്കെന്തുവേണമെങ്കിലും പറയാം അയാള്‍ നിഷ്‌കളങ്കതയോടെ ചിരിക്കും. എന്നാല്‍ തെങ്ങില്‍ കയറരുതെന്നുമാത്രം പറയരുത്. അതയാള്‍ സഹിക്കില്ല കാരണം അത് അദ്ദേഹത്തിന് ജീവനാണത്...

No comments:

Post a Comment